Advertisement
national news
തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ ഇ.ഡി; മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസില്‍ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 13, 09:17 am
Tuesday, 13th June 2023, 2:47 pm

ചെന്നൈ: തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ ഇ.ഡി. റെയ്ഡ്. വൈദ്യുത മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ മന്ത്രിയുടെ വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

ഔദ്യോഗിക വസതിയും സഹോദരന്റെ വീടുമടക്കം 12 കേന്ദ്രങ്ങളില്‍ പരിശോധന നടന്നിരുന്നു. പിന്നാലെയാണ് സെക്രട്ടറിയേറ്റില്‍ പരിശോധനക്കെത്തിയത്. സെന്തില്‍ ബാലാജിയുടെ മുറിയിലാണ് റെയ്ഡ് നടക്കുന്നത്. ഇ.ഡി. സംഘം എത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളൂ. ചില രേഖകള്‍ ശേഖരിക്കുകയും, പേഴ്‌സണല്‍ സ്റ്റാഫിലെ ആളുകളോട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്നാണ് ഇ.ഡി. പറയുന്നത്. എന്നാല്‍ എന്താണ് അവര്‍ അന്വേഷിക്കുന്നതെന്ന് മനസിലായെന്നാണ് രാവിലെ നടന്ന റെയ്ഡില്‍ മന്ത്രി പ്രതികരിച്ചത്.

2011-25 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്നാണ് കേസ്.

നേരത്തെ ആദായ നികുതി വകുപ്പിന്റെ പരിശോധനയുമുണ്ടായിരുന്നു. ഐ.ടി. വകുപ്പിന്റെ റെയ്ഡിന്റെ സമയത്ത് തന്നെ രാഷ്ട്രീയ പ്രേരിത നീക്കങ്ങള്‍ നടക്കുന്നുവെന്ന് ഡി.എം.കെ ആരോപിച്ചിരുന്നു.

2016ല്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന്‍ റാവുവിനെതിരെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജന്‍സികളുടെ പരിശോധന അവസാനം തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ നടന്നത്.

CONTENT HIGHLIGHTS: Tamilnadu Secretariat ID Raid on Minister Senthil Balaji’s office