| Friday, 7th April 2023, 9:43 am

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്രക്ഷോഭത്തിന് പിന്നില്‍ വിദേശ ശക്തികളെന്ന ഗവര്‍ണറുടെ പരാമര്‍ശം; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രക്ഷോഭത്തിന് വിദേശത്ത് നിന്ന് പണം ലഭിച്ചെന്ന തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി.

സമരത്തെ അപമാനിച്ച ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് ഡി.എം.കെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴി കരുണാനിധി അഭിപ്രായപ്പെട്ടു. 2018ല്‍ ചെമ്പ് സംസ്‌കരണ ഫാക്ടറിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 സമരക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

തുടര്‍ന്ന് വേദാന്ത കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറി അടച്ച് പൂട്ടുകയും ചെയ്തിരുന്നു. 2022ല്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വെടിവെപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരുണ ജഗദീശന്‍ കമ്മീഷന്‍ ഏകപക്ഷീയമായ പൊലീസ് വെടിവെപ്പാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു.

ഗവര്‍ണറുടെ നടപടി പൊലീസിനെ ന്യായീകരിക്കുന്നതാണെന്നും അരുണ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും സമരത്തെ അവഹേളിച്ച പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

‘അരുണ ജഗദീഷന്‍ കമ്മീഷന്‍ സമരത്തെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സമരത്തെ അവഹേളിച്ച ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. രജനീകാന്തുള്‍പ്പെടെ സമരത്തില്‍ ബാഹ്യ ഇടപെടല്‍ ആരോപിച്ച് രംഗത്ത് വന്നിരുന്നു. കമ്മീഷന്‍ തെളിവ് ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം മാപ്പ് പറഞ്ഞ് തടിതപ്പി. ഗവര്‍ണര്‍ക്കും ഇതേ അവസ്ഥയാണ് വരാന്‍ പോകുന്നത്. ശക്തമായി തന്നെ ഞങ്ങള്‍ പ്രതികരിക്കും,’ പ്രതിഷേധക്കാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തൂത്തുക്കുടിയിലും കൂടംകൂളത്തും നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ വിദേശ ഫണ്ടിങ് നടന്നിട്ടുണ്ടെന്ന ആരോപണവുമായി ആര്‍.എന്‍. രവി രംഗത്തെത്തിയത്. ഇന്ത്യയുടെ ചെമ്പ് ഉല്‍പാദനത്തിന് വലിയ പങ്ക് വഹിച്ച പദ്ധതിയാണ് തൂത്തുക്കുടിയിലേതെന്നും അത് അടച്ച് പൂട്ടാന്‍ വിദേശ ശക്തികള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു സമരമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘സ്റ്റെര്‍ലൈറ്റിനെതിരെ നടന്ന സമരത്തിന് വിദേശ ഫണ്ടിങ് നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അവിടെ വെടിവെപ്പുണ്ടായത്. സ്റ്റെര്‍ലൈറ്റ് അടച്ച് പൂട്ടുക എന്നത് വിദേശ ശക്തികളുടെ ആവശ്യമായിരുന്നു. ഇന്ത്യയുടെ ചെമ്പുല്‍പാദനത്തില്‍ 40ശതമാനവും പ്രൊഡ്യൂസ് ചെയ്തത് സ്റ്റെര്‍ലൈറ്റായിരുന്നു. രാജ്യത്തിന്റെ ഇലക്ട്രോണിക് മേഖലയില്‍ വലിയ പങ്കാണ് ചെമ്പിനുള്ളത്. പക്ഷെ ഫാക്ടറി ഇന്നും പൂട്ടിയിട്ടിയിരിക്കുകയാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം വിദേശത്ത് നിന്ന് ഫണ്ടും വന്നുകൊണ്ടിരിക്കുന്നു.

ഇതേ പോലെതന്നെയാണ് കൂടംകുളം ന്യൂക്ലിയര്‍ പവര്‍ പ്രൊജക്ടിനെതിരെയും സംഭവിക്കുന്നത്. അവിടെയും സമരക്കാര്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവും, മനുഷ്യാവകാശവും പറഞ്ഞ് എവിടെയൊക്കെ പുതിയ പദ്ധതി വരുന്നോ അവിടെയൊക്കെ സമരങ്ങളുമായി അവരെത്തും. രാജ്യത്തെ നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്,’ ഗവര്‍ണര്‍ പറഞ്ഞതായി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു.

Content Highight: Tamilnadu protest against governor

We use cookies to give you the best possible experience. Learn more