ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ നിര്യാണത്തില്‍ ദുരൂഹമരണത്തിന് കേസെടുത്ത് തമിഴ്‌നാട്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു വാണി ജയറാമിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ഭര്‍ത്താവിന്റെ മരണശേഷം മൂന്ന് വര്‍ഷമായി ഒറ്റക്കായിരുന്നു താമസം.
വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീ ബെല്ലടിച്ചിട്ടും അകത്ത് നിന്ന് പ്രതികരണമുണ്ടായില്ല. ഇതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി വാതില്‍ തുറന്നതോടെയാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെറ്റിയില്‍ മുറിവേറ്റ പാടുണ്ടായിരുന്നുവെന്നും കട്ടിലിനെ സമീപത്തെ ടീപ്പോയില്‍ തലയിടിച്ചതാകാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
2023ല്‍ വാണി ജയറാമിന് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ നേടി. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 നവംബര്‍ 30-നാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ വാണി ഹൃദ്യസ്ഥമാക്കിയത്. തന്റെ എട്ടാം വയസ്സില്‍ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനില്‍ പാടി തുടങ്ങി.
കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരായിരുന്നു കര്‍ണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാര്‍. ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാനില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.
1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവര്‍ സംഗീത ആസ്വാദകര്‍ക്ക് ഇടയില്‍ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ വാണി നേടി.
Content Highlight: Tamilnadu ordered probe on vani jairam’s death