| Thursday, 1st September 2022, 4:36 pm

'നിങ്ങള്‍ ഈ സംസ്ഥാനത്തിന്റെ ശാപമാണ്'; ട്വിറ്ററില്‍ തമ്മിലടിച്ച് മന്ത്രിയും, ബി.ജെ.പി അധ്യക്ഷനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ട്വിറ്ററില്‍ തമ്മിലടിച്ച് തമിഴ്‌നാട് മന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും. തമിഴ്‌നാട്ടിലെ ധനമന്ത്രി പളനിവേല്‍ ത്യാഗ രാജനും ബി.ജെ.പി അധ്യക്ഷനായ അണ്ണാമലൈയും തമ്മിലാണ് വാക്കേറ്റം.

തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ സംസ്ഥാനത്തിന്റെ ശാപമാണെന്നായിരുന്നു ധനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ട്വീറ്റിലൂടെ തല്ലായത്. അണ്ണാമലൈ രക്തസാക്ഷികളുടെ മൃതദേഹവുമായാണ് പബ്ലിസിറ്റി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാക സ്ഥാപിച്ചിരുന്ന തന്റെ വാഹനത്തിന് നേരെ ചെരുപ്പെറിഞ്ഞതും അണ്ണാമലൈ തന്നെയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പളനിവേല്‍ ആണ് തമിഴ്‌നാടിന്റെ ശാപമെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. നാലു ട്വീറ്റുകളിലായാണ് അണ്ണാമലൈ പളനിവേലിന് മറുപടി നല്‍കിയത്.

പൂര്‍വ്വികന്റെ ആദ്യാക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് ജീവിക്കുന്ന മന്ത്രിക്ക് സ്വയം നിര്‍മിക്കപ്പെട്ട ഒരു കര്‍ഷകനെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചത്. മഹത്തായ ഒരു വംശത്തില്‍ ജനിച്ചു എന്നല്ലാതെ പളനിവേല്‍ മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വിമാനത്തില്‍ സഞ്ചരിക്കാത്ത, ബാങ്കുകള്‍ അടച്ചുപൂട്ടാത്ത തങ്ങളെപ്പോലെ സാധാരണക്കാരായ ചില മനുഷ്യരുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Tamilnadu minister and bjp chief fight in twitter goes viral

We use cookies to give you the best possible experience. Learn more