എല്ലാ കുടുംബങ്ങള്‍ക്കും ഹെലികോപ്ടര്‍, ഒരു കോടി രൂപ, ചന്ദ്രനിലേക്കൊരു ഫ്രീ ട്രിപ്പ്; തമിഴ്‌നാട്ടില്‍ കൈയ്യഴിഞ്ഞ് വാഗ്ദാനങ്ങളുമായി സ്വതന്ത്രസ്ഥാനാര്‍ത്ഥി
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ജനങ്ങള്‍ക്ക് കൈയ്യഴിഞ്ഞ വാഗ്ദാനങ്ങളുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി. സൗത്ത് മധുര നിയോജക മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ തുലം ശരവണനാണ് വിചിത്ര വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്.
‘എല്ലാവര്‍ക്കും മിനി ഹെലികോപ്ടര്‍, സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കും, ചന്ദ്രനിലേക്ക് പോകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കും’, ഇതൊക്കെയാണ് ശരവണന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
രാഷ്ട്രീയപാര്‍ട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കാന്‍ ആളുകളില്‍ അവബോധം ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇതിലൂടെ സാധാരണക്കാരായ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും ശരവണന്‍ പറഞ്ഞു.
ഇതുകൂടാതെ തന്റെ മണ്ഡലത്തിലെ വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോര്‍ട്ട് സംവിധാനം നല്‍കുമെന്നും നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് ഗതാഗതസൗകര്യങ്ങള്‍ക്കായി ബോട്ടുകള്‍ നല്‍കുമെന്നും ശരവണന്‍ പറഞ്ഞു.
‘ചൂട് കാലത്ത് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി ഒരു കൃത്രിമ മഞ്ഞുമല സ്ഥാപിക്കും. അതുപോലെ മണ്ഡലത്തില്‍ ഒരു സ്‌പേസ് റിസര്‍ച്ച് സെന്ററും റോക്കറ്റ് ലോഞ്ച് പാഡും നിര്‍മ്മിക്കും,’ ശരവണന്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തന്റെ പക്കല്‍ പണമില്ലെന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന ധനഹായത്തിലാണ് ഇതെല്ലാം ചെയ്യുന്നതെന്നും ശരവണന്‍ പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം വാട്‌സ് ആപ്പിലൂടെ നടത്തുന്നുണ്ടെന്നും തന്റെ വാഗ്ദാനങ്ങളെപ്പറ്റി ജനങ്ങള്‍ ചിന്തിക്കുന്നുണ്ടെന്നും ശരവണന്‍ കൂട്ടിച്ചേര്‍ത്തു. ഇനി തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചില്ലെങ്കിലും സാരമില്ലെന്നും ശരവണന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക