| Wednesday, 23rd June 2021, 2:16 pm

ഒ.എന്‍.ജി.സിയ്ക്ക് എണ്ണക്കിണര്‍ കുഴിക്കാന്‍ അനുമതി നിഷേധിച്ച് എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളില്‍ എണ്ണക്കിണറുകള്‍ കുഴിക്കാനുള്ള ഒ.എന്‍.ജി.സിയുടെ (ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍) അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതിയാണ് അനുമതി നിഷേധിച്ചത്.

അരിയലൂര്‍ ജില്ലയില്‍ പത്തും കുടലൂരില്‍ അഞ്ചും എണ്ണക്കിണറുകള്‍ കുഴിക്കാനുമുള്ള അനുമതി തേടിയായിരുന്നു ഒ.എന്‍.ജി.സി. അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

അപേക്ഷയില്‍ വനഭൂമി ഉപയോഗിക്കുന്നതിനുള്ള അനുവാദം നേടിയതിന്റെ രേഖകളില്ലെന്നും പദ്ധതി മത്സ്യങ്ങളുടെ സഞ്ചാരപദത്തെയും കടല്‍ ജീവികളുടെ ആവാസ വ്യവസ്ഥയെയും ദേശാടന പക്ഷികളെയും ഏറെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധ സമിതി നടത്തിയ പഠനത്തില്‍ കണ്ടെത്തുകയായിരുന്നു.

2020ലെ നിയമപ്രകാരമുള്ള സംരക്ഷിത കാര്‍ഷിക വികസന മേഖലകളില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ പുതിയ ഒ.എന്‍.ജി.സി. പ്രോജക്ടുകള്‍ക്ക് അനുവാദം നല്‍കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് വ്യവസായ വകുപ്പ് മന്ത്രി തങ്കം തെന്നരസാണ് നിയമസഭയില്‍ ഇക്കാര്യം പ്രസ്താവിച്ചത്.

ഹൈഡ്രോകാര്‍ബണ്‍ പദ്ധതികള്‍ സൃഷ്ടിക്കുന്ന വിവിധ പ്രത്യാഘാതങ്ങളെ കുറിച്ചും തമിഴ്‌നാട്ടിലെ മറ്റു ഭാഗങ്ങളെ ഇത്തരം പദ്ധതികള്‍ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത് എന്നതിനെ കുറിച്ചും പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

കാവേരി നദീതടമേഖലകളിലും പരിസര പ്രദേശങ്ങളിലും പുതിയ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതികള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രദേശത്തെ കര്‍ഷകരുടെ ജീവിതമാര്‍ഗം സംരക്ഷിക്കുന്നതിനും നദീതടത്തിലെ കാര്‍ഷിക – പാരിസ്ഥിതിക വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെടുക്കുന്നതെന്നും സ്റ്റാലിന്‍ അറിയിച്ചിരുന്നു.


Content Highlight: Tamilnadu govt denies permission to ONGC to dig oil wells in two districts

We use cookies to give you the best possible experience. Learn more