| Friday, 30th August 2024, 3:26 pm

വന്‍കിട വ്യാവസായിക കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: അന്താരാഷ്ട്ര വ്യാവസായിക കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ച് തമിഴ്‌നാട് സര്‍ക്കാര്‍. നോക്കിയ, പേപാല്‍, മൈക്രോചിപ്പ് തുടങ്ങിയ കമ്പനികളുമായുള്ള കരാറിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഒപ്പുവെച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അമേരിക്കന്‍ സന്ദര്‍ശത്തിന് പിന്നാലെയാണ് കരാറുകള്‍ ധാരണയിലെത്തിയത്.

മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജ എന്നിവരുടെ സാന്നിധ്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഗൈഡന്‍സാണ് കരാറില്‍ ഒപ്പുവെച്ചത്.

കരാറിന്റെ അടിസ്ഥാനത്തില്‍ നോക്കിയ തമിഴ്നാട്ടില്‍ 100ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പുതിയ ഗവേഷണ സ്ഥാപനം സ്ഥാപിക്കും. 450 കോടി രൂപ മുതല്‍മുടക്കിലാണ് ഈ പദ്ധതി നടപ്പിലാക്കുക. 1000 യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന മറ്റൊരു കരാറിലും നോക്കിയയുമായി ഡി.എം.കെ. സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സഡ് നെറ്റ്വര്‍ക്ക് ടെസ്റ്റ് ബെഡ്, 10ജി , 25ജി, 50ജി, 100ജി പി.ഒ.എൻ, ഫിക്‌സഡ് വയര്‍ലെസ് ആക്സസ്, എം.സി.യു സൊല്യൂഷനുകള്‍ എന്നിവ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനായി കമ്പനി ഒരു കേന്ദ്രം കൂടി സംസ്ഥാനത്ത് സ്ഥാപിക്കും. 450 കോടി ചെലവാക്കികൊണ്ടുള്ള ഈ പദ്ധതി 100 ലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.

തമിഴ്നാട്ടിലെ വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമായ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷന്‍ ഓഫ് തമിഴ്നാട് ലിമിറ്റഡ് (സിപ്കോട്ട്) ആണ് ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കുക. സിരുശേരി, ചെങ്കല്‍പ്പട്ട് എന്നിവിടങ്ങളിലായിരിക്കും ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

അതേസമയം സംസ്ഥാനത്ത് 1000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണ് പേപാല്‍ മുന്നോട്ടുവെച്ചത്. ഇതിനായി പേപാല്‍ ചെന്നൈയില്‍ ഒരു അഡ്വാന്‍സ്ഡ് ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കും.

കരാര്‍ പ്രകാരം, 250 കോടി രൂപ ചെലവാക്കി മൈക്രോചിപ്പ് തമിഴ്നാട്ടില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് 1500 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന പദ്ധതിയാണ്. ചെന്നൈയിലെ സെമ്മഞ്ചേരിയില്‍ അർധചാലക സാങ്കേതികവിദ്യയില്‍ പുതിയ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുമെന്നാണ് മൈക്രോചിപ്പ് അറിയിച്ചിരിക്കുന്നത്.

കോയമ്പത്തൂരിലെ സുലൂരില്‍ യീല്‍ഡ് എന്‍ജിനീയറിങ് സിസ്റ്റംസ് അർധചാലക ഉപകരണങ്ങളുടെ നിര്‍മാണ കേന്ദ്രം സ്ഥാപിക്കും. ഈ പദ്ധതി പ്രകാരം 300ഓളം യുവാക്കള്‍ക്ക് ജോലി ലഭ്യമാകും. 150 കോടി രൂപയാണ് ഇതിനായി യീല്‍ഡ് എന്‍ജിനീയറിങ് സിസ്റ്റംസ് മാറ്റിവെച്ചിരിക്കുന്നത്.

ഇവയ്ക്ക് പുറമെ മറ്റു ചില നിക്ഷേപക കമ്പനികളുമായുള്ള കരാറിലും തമിഴ്‌നാട് സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ നീക്കം സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തമിഴ്നാട്ടിലെ വ്യവസായത്തെ രംഗത്തെ വളര്‍ത്തുമെന്നും മന്ത്രി ടി.ആര്‍.ബി. രാജ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlight: Tamilnadu government signs MoU with big industrial companies

We use cookies to give you the best possible experience. Learn more