ചെന്നൈ: സംസ്ഥാനത്ത് നടത്താനിരുന്ന ആര്‍.എസ്.എസ് റൂട്ട്മാര്‍ച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഒക്‌ടോബര്‍ രണ്ടാം തീയതി നടത്താനിരുന്ന മാര്‍ച്ചിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങി സംസ്ഥാനത്തെ അമ്പതോളം കേന്ദ്രങ്ങളിലായാണ് മാര്‍ച്ച് നടത്താന്‍ ആര്‍.എസ്.എസ് തീരുമാനിച്ചിരുന്നത്.
മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഈ ഉത്തരവിനെ മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 28ന് മുമ്പ് അനുമതി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
എന്നാല്‍ മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സ്റ്റാലിന്‍ പിന്നീട് ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ആര്‍.എസ്.എസ് മാര്‍ച്ചിന് അനുമതി നല്‍കാതിരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധം പലഭാഗങ്ങളിലും നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പലയിടത്തും പൊലീസ് കനത്ത ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ചെന്നൈയില്‍ മാത്രം നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂര്‍ മേഖലയില്‍ ആയിരത്തോളം പൊലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസ് നടത്തുന്ന റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Content Highlight: Tamilnadu government denies permission for RSS route march