| Saturday, 4th March 2023, 11:23 am

അതിഥി തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന പ്രചരണം വ്യാജമെന്ന് തമിഴ്‌നാട്; അന്വേഷണം പ്രഖ്യാപിച്ച് ബിഹാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഹിന്ദി സംസാരിക്കുന്ന അതിഥി തൊഴിലാളികള്‍ സംസ്ഥാനത്ത് ആക്രമിക്കപ്പെടുന്നുണ്ടെന്ന വ്യാജപ്രചരണങ്ങളെ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്‌നാടിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അവരുടെ സുരക്ഷ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും തൊഴില്‍ മന്ത്രി സി.വി. ഗണേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘എല്ലാ സംസ്ഥാനത്ത് നിന്നുമുള്ള തൊഴിലാളികള്‍ നമ്മുടെ നാട്ടില്‍ സമാധാനത്തോടെയാണ് ജോലിയെടുക്കുന്നത്. അവര്‍ക്ക് നേരെ യാതൊരു തരത്തിലുമുള്ള ഭീഷണികളും അക്രമങ്ങളും സംഭവിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ സുരക്ഷിതരാണ്.

ഇപ്പോള്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ വ്യാജമാണ്. തമിഴ്‌നാട്ടിലെ ജനങ്ങളെ താറടിച്ച് കാണിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ നിന്നുള്ള തൊഴിലാളികളെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആക്രമിക്കിന്നുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബിഹാര്‍ നിയമസഭയിലും വിഷയം ചര്‍ച്ചയായതിനെ  തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് കൊണ്ട് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ചെയ്തു. സമിതി ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയിലാണ് ആരോപണം നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ നേരിട്ട് രംഗത്തെത്തുന്നത്.

വ്യാജപ്രചരണം നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് കരുതുന്നത്. വാര്‍ത്തകള്‍ പ്രചരിച്ചതോടെ ചില തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി പോകാന്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും ജില്ലാ കളക്ടര്‍മാര്‍ അടിയന്തര യോഗം ചേരുകയും അതിഥി തൊഴിലാളികളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Content Highlight: Tamilnadu government denied allegation on bihar migrants

We use cookies to give you the best possible experience. Learn more