ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭൂമിപൂജ നടത്തിയതിനെ തടഞ്ഞ് ഡി.എം.കെ എം.പി ഡോ. സെന്തില്‍ കുമാര്‍.
മതേതരമായ രീതിയില്‍ ചടങ്ങ് നടത്തേണ്ട ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ആരംഭം ഒരു പ്രത്യേക മതവിശ്വാസ പ്രകാരം നടത്തിയതിനെയാണ് എം.പി എതിര്‍ത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ധര്‍മപുരിയിലെ ആലപുരം എന്ന ഗ്രാമത്തിലായിരുന്നു സംഭവം. അവിടെ ഒരു തടാകത്തിന്റെ പരിസരത്തെ റോഡ്, കല്‍ക്കെട്ട്, സൗന്ദര്യവല്‍ക്കരണം തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു എം.പി സെന്തില്‍ കുമാര്‍.
സ്ഥലത്തെത്തിയ എം.പി ഹിന്ദു ആചാരപ്രകാരം ചടങ്ങ് നടത്തിയതില്‍ ഉദ്യോഗസ്ഥരെ വഴക്ക് പറയുന്നതും, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് പാതിരിമാരെയും മുസ്‌ലിം പള്ളിയില്‍ നിന്ന് ഇമാമുമാരെയും വിളിച്ച് നടത്തുകയാണെങ്കില്‍ മാത്രം നടത്തിയാല്‍ മതിയെന്നും രോഷാകുലനായി അദ്ദേഹം വശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
ഇത് ദ്രാവിഡരുടെ ചടങ്ങാണെന്നും ഹിന്ദുവായാലും മുസ്‌ലിമായാലും മതവിശ്വാസമില്ലാത്തവരായാലും എല്ലാവര്‍ക്കും ഈ ചടങ്ങ് ഒരുപോലെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് പ്രത്യേക മതവിശ്വാസ പ്രകാരം ചടങ്ങ് നടത്തിയതിനും ഇദ്ദേഹം PWD എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും മറ്റ് ഉദ്യോഗസ്ഥരെയും വഴക്ക് പറയുന്നുണ്ട്.