ചെന്നൈ: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയെ ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ അപമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തമിഴ്‌നാട് പി.സി.സി അധ്യക്ഷന്‍ കെ.എസ് അഴഗിരി. ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്തെത്തി എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഡി.എം.കെയുമായുള്ള സീറ്റ് ചര്‍ച്ചകള്‍ക്കിടയില്‍ അപമാനിച്ചെന്നും സീറ്റ് ചര്‍ച്ചകള്‍ക്കായി എത്തിയ തമിഴ്നാടിന്റെ ചുമതലയുള്ള ഉമ്മന്‍ ചാണ്ടിയെ വരെ ഡി.എം.കെ അപമാനിച്ചെന്നുമാണ് കെ.എസ് അഴഗിരി പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോണ്‍ഗ്രസ് എക്‌സിക്യൂട്ടിവില്‍ കെ.എസ് അഴഗിരി പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഇക്കാര്യം പറഞ്ഞത്. ഡി.എം.കെ വാഗ്ദാനം ചെയ്യുന്ന സീറ്റുകളുടെ എണ്ണം വളരെ അപമാനകരമാണെന്നും അത് സ്വീകരിച്ചാല്‍ തമിഴ്നാട്ടിലെ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്ന് അഴഗിരി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ”സീറ്റ് വിഭജനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്. എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചു. സഖ്യം മികച്ച വിജയം നേടും. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വിട്ടുവീഴ്ച ചെയ്തത്.
ഡി.എം.കെയുമായി ഉണ്ടാക്കിയിരിക്കുന്നത് മതേതരസഖ്യമാണ്. ബി.ജെ.പിക്ക് എതിരായ സന്ദേശം നല്‍കാനാണ് ഈ സഖ്യം. ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഡി.എം.കെ സഖ്യത്തില്‍ തുടരേണ്ടത് അനിവാര്യമാണ്,’ എന്നായിരുന്നു അഴഗിരിയുടെ പ്രതികരണം.
അതേസമയം തമിഴ്നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും സീറ്റ് പങ്കിടുന്ന കാര്യത്തില്‍ ധാരണയിലെത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും. ഡി.എം.കെയുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. 234 നിയമസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 6നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
40 സീറ്റായിരുന്നു കോണ്‍ഗ്രസ് ഡി.എം.കെയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഡി.എം.കെ നിഷേധിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും വീരപ്പമൊയ്‌ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റായിരുന്നു കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡി.എം.കെ അറിയിച്ചിരുന്നത്.
അതേസമയം തമിഴ്‌നാട്ടില്‍ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്‌സഭാ സീറ്റിലും ബി.ജെ.പി മത്സരിക്കും. ഇത് സംബന്ധിച്ച് അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തീരുമാനമായി.
ഒരാഴ്ചക്കാലത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയത്. ഏതൊക്കെ മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുകയെന്ന് പിന്നീട് അറിയിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക