തിരുവനന്തപുരം: വേറെ പാര്‍ട്ടിയാണെങ്കിലും തങ്ങളുടെ കൊടി പകുതി ചുവപ്പാണെന്നും, ഫെഡറലിസം സംരക്ഷിക്കാന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് തന്റെ സ്വന്തം പാര്‍ട്ടിയുടെ പരിപാടി പോലെയാണ് കാണുന്നത് എന്നും തന്റെ പേര് സ്റ്റാലിന്‍ ആയതിനാല്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാതിരിക്കാനാകില്ല എന്നറിയാം എന്നും സ്റ്റാലിന്‍ സെമിനാറില്‍ പറഞ്ഞു.
ഇന്ത്യയെ മുഴുവന്‍ സംരക്ഷിക്കണമെങ്കില്‍ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം. സംസാരിക്കാന്‍ മാത്രമല്ല പോരാടാനുള്ള സമയം കൂടിയാണിത്. ബി.ജെ.പിക്ക് എതിരെ ദേശീയ തലത്തില്‍ ഐക്യമുണ്ടാകണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
‘നമുക്കിടയില്‍ സംസ്ഥാന അതിര്‍ത്തികളുണ്ട്, എങ്കിലും ഇന്ത്യയിലെ ഫെഡറലിസം ശക്തിപ്പെടുത്താന്‍ അതിര്‍ത്തികള്‍ മറന്ന് നമ്മള്‍ ഇവിടെ ഒന്നുചേര്‍ന്നിരിക്കുകയാണ്. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നപ്പോള്‍ ഞാന്‍ അതില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോള്‍ എന്റെ പേര് സ്റ്റാലിന്‍, അതുകൊണ്ട് നിങ്ങള്‍ക്ക് എന്നെ വിളിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ പേരിനോടുള്ള നിങ്ങളുടെ ഇഷ്ടം ഇവിടെയും എനിക്ക് കാണാം. ഞാന്‍ ഇത് മറ്റൊരു പാര്‍ട്ടിയുടെ പരിപാടി പോലെയല്ല കാണുന്നത്, എന്റെ പാര്‍ട്ടിയുടെ പരിപാടിയായിട്ട് തന്നെയാണ് കാണുന്നത്.
ഞങ്ങള്‍ വേറെ പാര്‍ട്ടിയാണെങ്കിലും ഞങ്ങളുടെ കൊടിയില്‍ പകുതി ചുവപ്പാണ്. ഫെഡറലിസം സംരക്ഷിക്കാന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.അതോടൊപ്പം ഇന്ത്യയെ മുഴുവന്‍ സംരക്ഷിക്കണമെങ്കില്‍ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം. കേരളത്തെ സംരക്ഷിക്കാന്‍ പ്രിയ സുഹൃത്ത് പിണറായി വിജയനുണ്ട്, തമിഴ്‌നാടിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയായ ഞാനും. സംസാരിക്കാന്‍ മാത്രമല്ല പോരാടാന്‍ കൂടിയുള്ള സമയമാണിത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തുന്നു എന്നും ബി.ജെ.പിക്ക് എതിരെ ദേശീയ തലത്തില്‍ ഐക്യമുണ്ടാകണം’ സ്റ്റാലിന്‍ പറഞ്ഞു.
സി.പി.ഐ പ്രതിനിധി സമ്മേളന വേദിയായ ടാഗോര്‍ തീയറ്ററിലെ സ.വെളിയം ഭാര്‍ഗവന്‍ നഗറില്‍ നടക്കുന്ന സെമിനാറിലാണ് എം.കെ. സ്റ്റാലിന്‍ പങ്കെടുത്തത്. സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് അധ്യക്ഷത വഹിച്ചത്.
അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷവും, ജനാധിപത്യ മതേതര ശക്തികളുടെ കൂട്ടായ്മയും ശക്തിപ്പെടണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകളുടെ പോരാട്ടം ജാതീയതക്കെതിരെയും സാമ്പത്തിക ചൂഷണത്തിനെതിരെയുമാണ്. പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടമാണിത്. നമുക്കതില്‍ വിജയിക്കാന്‍ കഴിയും. ഇന്ത്യയുടെ ഭാവി ചെമ്പതാകയോടൊപ്പമാണെന്നും രാജ പറഞ്ഞു.
സി.പി.ഐ ഒരു പ്രസ്ഥാനമെന്ന നിലയില്‍ കൂടുതല്‍ ശക്തിപ്പെടണം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരാജയം വെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകളുടെയും ഇടതുപക്ഷത്തിന്റെയും കരുത്ത് കുറച്ചു കാണരുത്. ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ക്ക് മുമ്പില്ലാത്ത വ്യാപ്തി ദേശീയ തലത്തിലുണ്ട്. പക്ഷേ, അത് വോട്ട് ആകുന്നില്ല. പാര്‍ട്ടിയാണ് ആയുധം, പാര്‍ട്ടിയാണ് അമ്മ. പാര്‍ട്ടിയെ സ്നേഹിക്കണം, വളര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Tamilnadu CM MK Stalin’s Speech on CPI State Conference