| Tuesday, 1st March 2022, 7:58 am

'ഉന്‍ഗളില്‍ ഉരുവന്‍'; എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശനച്ചടങ്ങില്‍ ഒത്തുചേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കം ഇന്ത്യയിലെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.

‘ഉന്‍ഗളില്‍ ഒരുവന്‍’ (One Among You/ നിങ്ങളില്‍ ഒരാള്‍) എന്നാണ് ആത്മകഥയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു പ്രകാശനച്ചടങ്ങ്. രാഹുല്‍ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഒമര്‍ അബ്ദുല്ല, തൂത്തുക്കുടി എം.പിയും എം.കെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി, തമിഴ് നടന്‍ സത്യരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

അതേസമയം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരായ പ്രതിപക്ഷ കൂട്ടായ്മയില്‍ നിര്‍ണായക ശക്തികളായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവരുടെ അസാന്നിധ്യവും ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടു.

അതേസമയം, ”ഒരു നാഷണല്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് പോലെയായിരുന്നു എന്റെ വിവാഹചടങ്ങ് നടന്നത്, ഈ ചടങ്ങും അതുപോലെയായി,” എന്ന് എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു.

മൂന്ന് വാല്യങ്ങളിലായി ഇറങ്ങുന്ന ആത്മകഥയുടെ ആദ്യത്തേതാണ് കഴിഞ്ഞദിവസം പ്രകാശനം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലെ സ്റ്റാലിന്റെ തുടക്കകാലമാണ് ‘ഉന്‍ഗളില്‍ ഒരുവനി’ല്‍ ഉള്ളത്. 23 വയസ് വരെയുള്ള സ്റ്റാലിന്റെ ജീവിതമാണ് ഇതില്‍ പറയുന്നത്.


Content Highlight: Tamilnadu CM MK Stalin’s autobiography book launch showcases grand Opposition event

We use cookies to give you the best possible experience. Learn more