| Thursday, 2nd February 2023, 9:14 am

ബജറ്റ് അവതരണം പ്രഹസനം; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഉന്നമനം മാത്രം ലക്ഷ്യം: എം.കെ. സ്റ്റാലിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്ര ബജറ്റ് സംസ്ഥാനത്തിനും ജനങ്ങൾക്കും നിരാശയുണ്ടാക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനം മാത്രം മുന്നിൽ കണ്ടാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് സാധാരണക്കാരന് ആശ്വാസമുണ്ടാക്കുന്നതല്ല. സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാ​ഗത്തിന് വേണ്ടിയോ പാവപ്പെട്ടവന് വേണ്ടിയോ ബജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര സർക്കാർ തന്ത്രപൂർവം ഒഴിവാക്കിയെന്നും സ്റ്റാലിൻ പറഞ്ഞു.

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിൽ പിന്നെ ബജറ്റവതരണം വികസന പദ്ധതികൾ പറയാനും, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനുമുള്ള ചടങ്ങ് മാത്രമായി മാറിയിട്ടുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളെ അവ​ഗണിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പുകൾ നടക്കുക. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഉന്നമനം മാത്രം ലക്ഷ്യമിട്ട് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തമിഴ്നാടിനും സംസ്ഥാനത്തെ ജനങ്ങൾക്കും ഏറെ നിരാശയുണ്ടാക്കുന്നതാണ്,” സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്രം നൽകുന്നതിനുള്ള ഒരു ശ്രമവും ബജറ്റിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“കോവിഡ്-19 പോലുള്ള മഹാമാരിയിൽ നിന്നും രാജ്യം കരകയറുന്ന സാഹചര്യത്തിൽ കേന്ദ്ര ബജറ്റിൽ ജനങ്ങൾ വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നു. എല്ലാ പ്രതീക്ഷകളേയും തുടച്ചുനീക്കുന്നതായിരുന്നു പുതിയ ബജറ്റ്,” അദ്ദേഹം പറഞ്ഞു.

തമിഴ്നാടിന് വേണ്ടി പ്രത്യേക പദ്ധതികളോ, മധുര എയിംസിന് ആവശ്യമായ തുകയോ ബജറ്റിൽ അനുവദിച്ചിട്ടില്ല. ജി.എസ്.ടി നഷ്ടപരിഹാരം രണ്ടുവർഷത്തേക്ക് കൂടി നീട്ടണമെന്ന തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സർക്കാർ അവ​ഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റായിരുന്നു ഇത്. പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു ബജറ്റവതരണം.

ഹരിത വികസനമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകും. ജമ്മു കശ്മീർ ലഡാക്ക്, നോർത്ത് ഈസ്റ്റ് മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം ബജറ്റവതരണത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. ബജറ്റ് ജനങ്ങൾക്ക് ആശ്വാസമല്ല മറിച്ച് നിരാശയാണ് ഉണ്ടാക്കിയത് എന്നായിരുന്നു സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം.

ന്യൂനപക്ഷ വിഭാ​ഗത്തേയും മദ്രസകളേയും തഴഞ്ഞുകൊണ്ടായിരുന്നു പുതിയ ബജറ്റ് അവതരിപ്പിച്ചത്. മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്ന തുകയിൽ നിന്നും കോടികളാണ് പുതിയ ബജറ്റിൽ വെട്ടിക്കുറച്ചത്.

Content Highlight: Tamilnadu chief minister MK Stalin says union budget a huge disappointment to Tamilnadu

We use cookies to give you the best possible experience. Learn more