| Friday, 10th March 2023, 3:34 pm

ഓണ്‍ലൈന്‍ ചൂതാട്ടം: ബില്ല് തിരിച്ചയച്ച ഗവര്‍ണര്‍ നടപടിയെ വിമര്‍ശിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; ബില്ല് വീണ്ടും അവതരിപ്പിക്കുമെന്ന് മന്ത്രിസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ടുള്ള ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചതിന് പിന്നാലെ ബില്ല് വീണ്ടും അവതരിപ്പിക്കുമെന്ന് തമിഴ്‌നാട് മന്ത്രിസഭ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ബില്ല് രാജ്ഭവന്റെ പരിഗണനക്കായി സമര്‍പ്പിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഗവര്‍ണര്‍ ബില്ല് തിരിച്ചയക്കുകയായിരുന്നു.

ബില്ലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

അതേസമയം ബില്ല് വീണ്ടും അവതരിപ്പിക്കുമെന്നും, നിയമസഭാംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാമെന്നും സംസ്ഥാന നിയമ മന്ത്രി എസ്. രഘുപതി പറഞ്ഞു.

അതേസമയം ബില്ല് പരിഗണനയ്ക്കയച്ച ശേഷം 2022 ഡിസംബറില്‍ ഗവര്‍ണര്‍ ആര്‍. എന്‍. രവി ഇ-ഗെയ്മിങ് ഫെഡറേഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചയായിരുന്നു. കൂടിക്കാഴ്ചക്ക് പിന്നിലെ കാരണം വ്യക്തമല്ല.

ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പഠിക്കാന്‍ മദ്രാസ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമിതി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബില്ല് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2022 ജൂണില്‍ സമിതി വിശദ റിപ്പോര്‍ട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുമ്പാകെ അവതരിപ്പിക്കുകയും സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ശേഷം ഒക്ടോബറില്‍ ബില്‍ നിയമസഭ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടം മൂലം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒട്ടേറെപ്പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.

Content Highlight: Tamilnadu cabinet to retable bill against online gambling

We use cookies to give you the best possible experience. Learn more