തമിഴ്‌നാട്ടില്‍ മോദി മത്സരിക്കാന്‍ സാധ്യത കല്‍പ്പിച്ച രാമനാഥപുരത്ത് ലീഗ് സ്ഥാനാര്‍ത്ഥി വിജയത്തിലേക്ക്; കേരളത്തിലടക്കം മൂന്ന് സീറ്റുകളിലും ലീഗിന്റെ മുന്നേറ്റം
Loksabha Election Result 2024
തമിഴ്‌നാട്ടില്‍ മോദി മത്സരിക്കാന്‍ സാധ്യത കല്‍പ്പിച്ച രാമനാഥപുരത്ത് ലീഗ് സ്ഥാനാര്‍ത്ഥി വിജയത്തിലേക്ക്; കേരളത്തിലടക്കം മൂന്ന് സീറ്റുകളിലും ലീഗിന്റെ മുന്നേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 12:54 pm

ചെന്നൈ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരവേ ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാര്‍ട്ടികള്‍. 230 സീറ്റുകളില്‍ ഇന്ത്യാ സഖ്യവും 295 സീറ്റുകളില്‍ എന്‍.ഡി.എയുമാണ് മുന്നേറുന്നത്.

വോട്ടെണ്ണല്‍ അവസാന മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ഇന്ത്യ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീര്‍പ്പുപറയാനായിട്ടില്ല. ബി.ജെ.പിക്ക് പ്രതീക്ഷിച്ച ഒരു നേട്ടം ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യാ മുന്നണിയുടെ വലിയ തേരോട്ടം ഈ തെരഞ്ഞെടുപ്പില്‍ കാണാം.

തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ ഡി.എം.എകെയുടെ വ്യക്തമായ മുന്നേറ്റം കാണാം. 9 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ സി.പി.ഐയും രണ്ട് സീറ്റുകളില്‍ സി.പി.ഐ.എമ്മും രണ്ട് സീറ്റുകളില്‍ വിടുതലൈ ചിരുതൈകള്‍ കച്ചിയും ഒരു സീറ്റില്‍ ഐ.യു.എം.എല്ലുമാണ് മുന്നേറുന്നത്. 1 സീറ്റില്‍ പട്ടാളി മക്കള്‍ കച്ചിയുമാണ് മുന്നേറുന്നത്.

രാമനാഥപുരം മണ്ഡലത്തില്‍ 111228 വോട്ടുകള്‍ നേടി മുന്നേറുകയാണ് ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥി നവാസ്‌കനി. കെ. 49128 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിനുള്ളത്.

കേരളത്തില്‍ മത്സരിച്ച, രണ്ട് മണ്ഡലങ്ങളിലും ലീഗ് മുന്നേറുന്നുണ്ട്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീര്‍ 298448 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വി. വസീഫാണ് രണ്ടാം സ്ഥാനത്ത്.

പൊന്നാനിയില്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി 234678 വോട്ടുകള്‍ക്കും മുന്നിലാണ്. ഇവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയാണ് രണ്ടാം സ്ഥാനത്ത്.

സൗത്ത് ഇന്ത്യയില്‍ മോദി മത്സരിക്കുകയാണെങ്കില്‍ പരിഗണിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നായിരുന്നു തമിഴ്‌നാട്ടിലെ രാമനാഥപുരം. മോദി മത്സരിക്കുകയാണെങ്കില്‍ ലീഗും ബി.ജെ.പിയും തമ്മിലുള്ള നേരിട്ട പോരാട്ടത്തിന് മണ്ഡലം സാക്ഷ്യംവഹിച്ചേനെ.

Content Highlight: Tamilnadu and kerala IUML Candidates Leading