| Monday, 15th June 2020, 4:57 pm

തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; ചെന്നൈയില്‍ 277 കൊവിഡ് രോഗികളെ കാണാനില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളാണ് ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവ.

അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ രോഗം സ്ഥിരീകരിച്ച 277 പേരെ കാണാനില്ല. പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍, പൊലീസ് സഹായം തേടി.

ചെന്നൈയില്‍ മാത്രം 31,896 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ചെങ്കല്‍പേട്ട്-2882, തിരുവള്ളൂര്‍-1865, കാഞ്ചീപുരം-709 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം.

ജൂണ്‍ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. കണ്ടെയിന്‍മെന്റ് സോണുകളിലെ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല.

ഹോട്ടലുകളില്‍ ഭക്ഷണം പാഴ്സല്‍ വിതരണം ചെയ്യാം. ഓട്ടോ-ടാക്സി സര്‍വീസുകള്‍ക്ക് അനുമതി ഇല്ല. എന്നാല്‍ അത്യാവശ്യസര്‍വീസുകള്‍ക്ക് വാഹനങ്ങള്‍ നിരത്തിലിറക്കാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more