national news
കബഡി മത്സരത്തില്‍ വിജയിച്ചതിന് തൂത്തുക്കുടിയില്‍ ദളിത് വിദ്യാര്‍ത്ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പ്രബലജാതിക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 11, 09:43 am
Tuesday, 11th March 2025, 3:13 pm

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ കബഡി മത്സരത്തില്‍ ജയിച്ച ദളിത് വിദ്യാര്‍ത്ഥിക്ക് മര്‍ദനം. പാളയംകോട്ട ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദേവേന്ദ്രന്‍ രാജയ്ക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥിയെ ഉന്നതജാതിക്കാരായ മൂന്നംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ നടന്ന കബഡി മത്സരത്തിലാണ് ദളിത് വിദ്യാര്‍ത്ഥി നേതൃത്വം നല്‍കിയ ടീം ജയിച്ചത്. അരിയനാഗപുരം, കാട്ടിയമ്മല്‍പുരം എന്നീ ഗ്രാമങ്ങള്‍ തമ്മിലാണ് മത്സരം നടന്നത്.

മത്സരത്തില്‍ അരിയനാഗപുരം ഗ്രാമത്തെ പ്രതിനിധീകരിച്ച് ദളിത് സമുദായക്കാരായ ഏതാനും വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇവര്‍ പ്രബലജാതിക്കാരായ മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തെയാണ് തോല്‍പ്പിച്ചത്.

തുടര്‍ന്ന് വിജയിച്ച ടീമിന് നേതൃത്വം നല്‍കിയ ദേവേന്ദ്രന്‍ രാജയെ സംഘം ചേര്‍ന്ന് പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈവിരലുകള്‍ അറ്റുപോകുകയും തലയിലും ശരീരഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്.

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെയാണ് ദേവേന്ദ്രന്‍ ആക്രമിക്കപ്പെട്ടത്. നിലവില്‍ വിദ്യാര്‍ത്ഥി തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അപകടത്തിന് പിന്നാലെ ശ്രീവൈകുണ്ഡം സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് വിദ്യാര്‍ത്ഥിയെ എത്തിച്ചത്. പിന്നീട് തിരുനെല്‍വേലിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ മുഖ്യപ്രതിയായ ലക്ഷ്മണന്‍ (19) അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരെ കണ്ടെത്തിയ ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന.

അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയെ പ്രബലജാതിക്കാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. കബഡി മത്സരത്തില്‍ വിജയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊലപാതകം.

Content Highlight: Tamilnadu: 17-year-old Dalit student attacked by 3 in Thoothukudi district