| Thursday, 11th May 2023, 5:37 pm

തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി; പളനിവേലിനെ പദവിയില്‍ നിന്ന് നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ പദവിയില്‍ നിന്നും മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍. വ്യവസായ മന്ത്രി തങ്കം തേനരസാണ് പുതിയ ധനമന്ത്രി. ഐ.ടി, ഡിജിറ്റല്‍ സര്‍വീസ് ചുമതലകളാണ് പകരമായി പളനിവേലിന് നല്‍കിയിരിക്കുന്നത്. 2021ല്‍ അധികാരമേറ്റതിന് ശേഷം ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെയും മരുമകന്‍ ശബരീശന്റെയും അഴിമതികളെ കുറിച്ച് പളനിവേല്‍ പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സഭയിലെ അഴിച്ചുപണി. എന്നാല്‍ ഈ ശബ്ദരേഖ വ്യാജമാണെന്ന് പളനിവേല്‍ വ്യക്തമാക്കിയിരുന്നു.

ടി.ആര്‍.ബി രാജ വ്യവസായ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മനോ തങ്കരാജിനെ ഐ.ടി വിഭാഗത്തില്‍ നിന്നും മാറ്റി ക്ഷീര സംരക്ഷണ വകുപ്പ് മന്ത്രിയായി നിയമിച്ചു. എം.പി സ്വാമിനാഥന് വികസന വകുപ്പ് കൂടി നല്‍കി.

മന്നാര്‍ഗുഡിയില്‍ നിന്നുമുള്ള എം.എല്‍.എ ആയ ടി.ആര്‍.ബി രാജയെ മന്ത്രി സഭയിലേക്ക് കൊണ്ടുവരണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍. രവി അംഗീകരിച്ചതിന് പിന്നാലെയാണ് അഴിച്ചുപണി നടന്നത്. ക്ഷീര വകുപ്പ് മന്ത്രിയായിരുന്ന എസ്.എം നാസറിനെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാര്‍ശയും ഗവര്‍ണര്‍ അംഗീകരിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തകന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ നാസറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Contenthighlight: Tamilnad  cabinet reshuffle

We use cookies to give you the best possible experience. Learn more