| Tuesday, 26th June 2018, 11:08 am

വേദാന്ത ഉടമസ്ഥനൊപ്പം ചിത്രങ്ങളും പ്രശംസാവാചകങ്ങളും: രാംദേവിനെതിരെ സോഷ്യല്‍ മീഡിയ; പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥനോടൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ബാബാ രാംദേവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. തൂത്തുക്കുടിയില്‍ പ്രതിഷേധം നേരിട്ട സ്റ്റെര്‍ലൈറ്റ് ഫാക്ടറിയുടെ നടത്തിപ്പുകാരായ വേദാന്തയെ രാജ്യത്ത് സാമ്പത്തിക സുസ്ഥിതി കൊണ്ടുവരുന്നതിന് പ്രശംസിക്കുന്ന സന്ദേശത്തോടൊപ്പമാണ് രാംദേവ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥനായ അനില്‍ അഗര്‍വാളിനും ഭാര്യയ്ക്കുമൊപ്പം ലണ്ടനില്‍ നിന്നുള്ള ചിത്രമാണ് രാംദേവ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിട്ടുള്ളത്. വേദാന്തയെ പുകഴ്ത്തിക്കൊണ്ടുള്ള സന്ദേശമാണ് ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുള്ളത്.


Also Read: നെല്‍വയല്‍ സംരക്ഷണ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് പിണറായി


“ലണ്ടന്‍ സന്ദര്‍ശനത്തിനിടെ അനില്‍ അഗര്‍വാള്‍ ജിയെ കണ്ടുമുട്ടി. ലക്ഷക്കണക്കിന് ജോലി സാധ്യതകള്‍ സൃഷ്ടിക്കുകയും സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരികയും ചെയ്ത് രാഷ്ട്രനിര്‍മാണ പ്രവൃത്തികളിലേക്ക് അദ്ദേഹം നടത്തുന്ന സംഭാവനകളെ ഞാന്‍ അഭിനന്ദിക്കുന്നു” എന്നാണ് രാംദേവിന്റെ ട്വീറ്റ്.

സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെ തൂത്തുക്കുടിയില്‍ നടന്ന സമരത്തിലേക്കുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 13 പേര്‍ മരിച്ച സംഭവത്തെയും രാംദേവ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, പ്രതിഷേധക്കാരിലൂടെ പ്രവര്‍ത്തിച്ചത് രാജ്യാന്തര ഗൂഢാലോചനാസംഘമാണെന്നാണ് രാംദേവിന്റെ പക്ഷം.

” തെക്കേയിന്ത്യയിലെ വേദാന്തയുടെ പ്ലാന്റുകളിലൊന്നില്‍ ഈയടുത്ത് വലിയ കോലാഹലങ്ങളുണ്ടായിരുന്നു. പ്രാദേശികരായ സാധാരണക്കാരിലൂടെ രാജ്യാന്തര ഗൂഢാലോചനാ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.” രാംദേവ് പറയുന്നു.

ഇന്‍ഡസ്ട്രികള്‍ രാജ്യത്തിന്റെ വികസനത്തിന്റെ ക്ഷേത്രങ്ങളാണ്. അവ അടച്ചുപൂട്ടാന്‍ പാടില്ലെന്നും രാംദേവ് ട്വീറ്റില്‍ പറയുന്നുണ്ട്.


Also Read: നിങ്ങള്‍ക്ക് അമ്മയെ വെല്ലുവിളിക്കാം; എന്നാല്‍ നിവൃത്തികേടിന്റെ പേരില്‍ അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട് ; അവരെ കൂടി രക്ഷപ്പെടുത്തണം; ഡബ്ല്യൂ.സി.സിയോട് ശാരദക്കുട്ടി


തൂത്തുക്കുടിയിലെ പൊലീസ് അതിക്രമത്തിനു കാരണക്കാരായ വ്യവസായ ഭീമന് പിന്തുണ പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടു വന്നതോടെ, രാംദേവിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷപ്രകടനങ്ങള്‍ കടുക്കുകയാണ്. പതഞ്ജലി ഉല്‍പന്നങ്ങള്‍ പാടേ ബഹിഷ്‌കരിക്കുമെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ ഭീഷണി മുഴക്കുന്നുണ്ട്.

ഇത്രയ്ക്ക് ആദരിക്കുകയാണെങ്കില്‍ പ്ലാന്റിനെ നിങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടു പൊയ്‌ക്കൊള്ളൂവെന്നും, പതഞ്ജലി പാര്‍ക്കുകള്‍ക്കുള്ളില്‍ ഇടം കൊടുത്തോളൂവെന്നുമാണ് രാംദേവിന് മറുപടിയായി ട്വിറ്ററില്‍ വരുന്ന കുറിപ്പുകളില്‍ പറയുന്നത്. “സ്റ്റെര്‍ലൈറ്റിനെ എന്തുകൊണ്ടാണ് ഗുജറാത്തിലും കേരളത്തിലും പ്ലാന്റ് നിര്‍മിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് അറിയാമോ? മഹാരാഷ്ട്രയില്‍ ഇവരുടെ പ്ലാന്റ് 1933ല്‍ അടച്ചു പൂട്ടിയതെന്തിനാണെന്നറിയാമോ?” തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ട്വിറ്റര്‍ ഉപയോക്താവ് മറുപടിക്കുറിപ്പില്‍ ചോദിക്കുന്നു.

“പതഞ്ജലിയെയും ഞങ്ങള്‍ പുറത്താക്കണെമെന്നാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ അതും ചെയ്യാ”മെന്നും ട്വിറ്റര്‍ സന്ദേശങ്ങള്‍ വരുന്നുണ്ട്. തമിഴ്‌നാട്ടില്‍ രാംദേവിന്റെ വ്യവസായങ്ങള്‍ ഇനി നഷ്ടത്തിലായിരിക്കുമെന്നും ഭീഷണിയുണ്ട്.

വേദാന്ത ഗ്രൂപ്പ് ബി.ജെ.പിക്ക് നല്‍കുന്ന സംഭാവനകളാണ് രാംദേവിന്റെ പിന്തുണയ്ക്കു കാരണമെന്നും ആരോപണങ്ങളുയരുന്നുണ്ട്.


Also Read: എഴുത്തുകളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ കാതല്‍, അടിയന്തരാവസ്ഥ കറുത്ത കാലം: നരേന്ദ്ര മോദി


കഴിഞ്ഞ മാസമാണ് തൂത്തുക്കുടിയില്‍ പ്ലാന്റിനെതിരെ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് പൊലീസ് വെടിവയ്പ്പ് ഉണ്ടാകുന്നതും, 13 പേര്‍ കൊല്ലപ്പെടുന്നതും. പ്രതിഷേധക്കാരെ വെടിവച്ചു കൊലപ്പെടുത്തിയ സംസ്ഥാനസര്‍ക്കാരിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

We use cookies to give you the best possible experience. Learn more