| Friday, 22nd July 2022, 9:58 am

ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ മാറിനിക്ക്; ഇനി എല്ലാവരുടേയും ശ്രദ്ധ ചെസ്സിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കായിക മത്സരങ്ങളെ എന്നും നെഞ്ചിലേറ്റുന്നവരാണ് ഇന്ത്യക്കാര്‍. ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോള്‍, കബഡി, അത്‌ലറ്റിക്‌സ്, വോളിബോള്‍ അങ്ങനെ ഏത് ഔട്ട്‌ഡോര്‍ ഗെയിമുകള്‍ എടുത്താലും അതിലെല്ലാം ഇന്ത്യ അവരുടേതായ വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട്.

എന്നാല്‍ ഇന്ത്യക്ക് ഏറ്റവും പ്രിയങ്കരമായ ഇന്‍ഡോര്‍ ഗെയിമേതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേയുള്ളു, ചെസ്സ് . ലോകത്തെമ്പാടും ആരാധകുള്ള വളരെ ബുദ്ധിപരമായും ക്ഷമയോടും കൂടി കളിക്കുന്ന കളിയാണ് ചെസ്സ് .

ലോകത്തെല്ലായിടത്തും മികച്ച പിന്തുണയുള്ള ഈ കളിയുടെ ഒറിജിന്‍ ഇന്ത്യയാണ്. ചതുരംഗം എന്നറിയപ്പെട്ടിരുന്ന ഗെയിം പിന്നീട് പുരോഗമിച്ച് ചെസ്സ് കളിയിലേക്ക് മാറുകയായിരുന്നു.

ഇത്തവണത്തെ ചെസ്സ് ഒളിംപ്യാഡ് ഇന്ത്യയിലായിരിക്കും നടക്കുക. ചെസ്സിന് ആരംഭം കുറിച്ചിട്ടും ആദ്യമായിട്ടാണ് ചെസ്സ് ഒളിംപ്യാഡ് ഇന്ത്യയിലേക്കെത്തുന്നത്.

44ാമത് ചെസ്സ് ഒളിംപ്യാഡിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 28ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഓഗസ്റ്റ് 10 വരെയാണ് അരങ്ങേറുക. തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ വെച്ചാണ് ഒളിംപ്യാഡ് നടക്കുക.

187 ടീമുകളാണ് ഒളിംപ്യാഡില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചെസ്സ് മാമാങ്കമായിരിക്കുമിത്. ഓപ്പണിങ് സെഷനില്‍ ഇന്ത്യന്‍ ‘എ’ ടീം മൂന്നാം സീഡുകളായും ഇന്ത്യന്‍ ‘ബി’ ടീം 11ാം സീഡുകളായും മത്സരിക്കിനിറങ്ങും.

187 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ രജിസ്റ്റര്‍ മത്സരിക്കുന്ന ടൂര്‍ണമെന്റാണ്.

എല്ലാ രാജ്യങ്ങള്‍ക്കും അഞ്ച് ആളുകളടങ്ങിയ ഒരു ടീമിനെ ഇറക്കാം. എന്നാല്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യക്ക് വിവിധ കാറ്റഗറിയില്‍ രണ്ടോ മൂന്നോ ടീമുകളെ ഇറക്കാന്‍ സാധിക്കും.

അതേസമയം വനിതാ വിഭാഗത്തില്‍ 162 എന്‍ട്രികളാണ് ലഭിച്ചത്. എക്കാലത്തെയും വലിയ രജിസ്‌ട്രേഷന്‍ നേട്ടമാണിത്. ഇന്ത്യയില്‍ നിന്നും അദ്യമായി വനിതാ വിഭാഗത്തില്‍ നിന്നും രണ്ട് ടീമുകളെ ഇറക്കും.

ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഒളിംപ്യാഡില്‍ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സണ്‍ ഉള്‍പ്പടെ ലോകമെമ്പാടുള്ള പ്രമുഖര്‍ പങ്കെടുക്കും.

Content Highlights: Tamilandu is all set to host chess Olympiad for first time

We use cookies to give you the best possible experience. Learn more