പുതിയ കവിതാ സമാഹാരവുമായി പെരുമാള്‍ മുരുകന്‍ വീണ്ടും: 'പറയാനുള്ളതെല്ലാം തന്റെ കവിതയിലുണ്ട് '
Daily News
പുതിയ കവിതാ സമാഹാരവുമായി പെരുമാള്‍ മുരുകന്‍ വീണ്ടും: 'പറയാനുള്ളതെല്ലാം തന്റെ കവിതയിലുണ്ട് '
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2016, 12:28 pm

ചെന്നൈ: ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും- തമിഴ് നോവലിസ്റ്റായ പെരുമാള്‍ മുരുകന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുകയാണ്.

വിവാദങ്ങള്‍ക്കും വധഭീഷണിക്കും പിന്നാലെയുണ്ടായ എഴുത്തിലെ നീണ്ട ഇടവേളയ്ക്ക് ശേഷം പെരുമാള്‍ മുരുകന്റെ പുതിയ പുസ്തകം എത്തുകയാണ്. കോഴയിന്‍ പാടള്‍കള്‍(ഭീരുക്കളുടെ പാട്ടുകള്‍) എന്നുപേരിട്ട ഇരുന്നൂറ് കവിതകളുടെ സമാഹാരമാണ് പെരുമാള്‍ മുരുകന്റേതായി പുറത്തിറങ്ങുന്നത്.

2014 ഡിസംബറിലാണ് പെരുമാള്‍ മുരുകന്‍ എഴുത്ത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മാതൊരുഭാഗന്‍ എന്ന നോവലിനെതിരെ ഹിന്ദുത്വ സംഘടമകളുടെയും ജാതി സംഘടനകളുടെയും എതിര്‍പ്പിനേയും ഭീഷണിയേയും തുടര്‍ന്നായിരുന്നു ഈ പ്രഖ്യാപനം.

മാതൊരുഭാഗന്‍(അര്‍ദ്ധനാരീശ്വരന്‍) എന്ന നോവലിന് നാമക്കല്‍ പ്രദേശത്തെ ഹൈന്ദവ വിശ്വാസികള്‍ ഏര്‍പ്പെടുത്തിയ നിരോധനം തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിക്കപ്പെട്ടത്.

നാമക്കലുള്ള തിരുച്ചെങ്കോട് എന്ന ദേശത്തെ ക്ഷേത്രത്തെ ചുറ്റിപറ്റിയായിരുന്നു നോവല്‍. നാട്ടില്‍ കുട്ടികളില്ലാത്തവര്‍ക്കുള്ള ആശ്രയമായാണ് ഈ ക്ഷേത്രം കരുതപ്പെടുന്നത്. ഇവിടെ ഉത്സവദിനത്തില്‍ ഏതു സ്ത്രീയ്ക്കും പുരുഷനും അവരുടെ പങ്കാളി അല്ലാതെ ആരുടെ ഒപ്പം വേണമെങ്കിലും ക്ഷേത്ര ആചാരമനുസരിച്ചു ലൈംഗികതയില്‍ ഏര്‍പ്പെടാമെന്നും അങ്ങനെ ലഭിക്കുന്ന കുഞ്ഞിനെ ദൈവത്തിന്റെ കുട്ടി ആയാണ് ഇവര്‍ അംഗീകരിക്കുക എന്നതുമായ ആചാരത്തെ നിരന്തരമായ പഠനത്തിന് ശേഷം പുസ്തകരൂപത്തിലാക്കുകയായിരുന്നു പെരുമാള്‍ മുരുഗന്‍.

എന്നാല്‍ നോവലില്‍ പറഞ്ഞിരിക്കുന്ന കാര്യം തങ്ങളുടെ വിശ്വാസത്തെ മുറിവേല്‍പ്പിച്ചു എന്ന ആരോപണവുമായി  നാമക്കലിലെ ഹൈന്ദവ വിശ്വാസികള്‍ രംഗത്തെത്തുകായായിരുന്നു. തുടര്‍ന്നു നോവല്‍ വലിയ വിവാദമാവുകയും ചെയ്തു.

ഇതോടെ പെരുമാള്‍ മുരുകന്‍ തന്റെ നോവല്‍ പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.

മാത്രമല്ല വിവാദമായ ഭാഗങ്ങള്‍ പിന്‍വലിക്കാമെന്നും അറിയിച്ചു. ഒപ്പം തന്റെ ഫെയ്‌സ്ബുക്കില്‍ പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരണപ്പെട്ടു എന്നും ഇനിയുള്ളത് അധ്യാപകനായ പി. മുരുഗന്‍ മാത്രമാണെന്നും അദ്ദേഹം എഴുതി.

പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല.

പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി. മുരുകന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക.- ഇതായിരുന്നു പെരുമാള്‍ മുരുകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഈ ഫേസ്ബുക്ക് പോസ്റ്റ് വായനക്കാരെ ഏറെ വേദനിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെ സംഘടന, വിശ്വാസികളുടെ നിലപാടിനെ ചോദ്യം ചെയ്ത് കോടതിയില്‍ കേസ് നല്‍കിയത്.

ഇതോടെ ഇക്കഴിഞ്ഞ ജൂലൈയില്‍ മാതൊരുഭാഗന്‍ നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിധി പ്രസ്താവിച്ചു കൊണ്ടു ഹൈക്കോടതി പെരുമാള്‍ മുരുകന്റെ എഴുത്തിനെ അഭിനന്ദിച്ചതോടൊപ്പം എഴുത്തുകാരന്‍ തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് കോടതി വിധി ഏറെ ആശ്വാസം പകരുന്നതായും താന്‍ എഴുത്തില്‍ വീണ്ടും സജീവമാകുമെന്നും പെരുമാള്‍ മുരുകന്‍ അറിയിച്ചിരുന്നു.

ചെന്നൈ പ്രസിഡന്‍സി കോളെജില്‍ നിന്നും സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം ഇപ്പോള്‍ സേലത്തിനടുത്തെ ആറ്റൂര്‍ ഗവണ്‍മെന്റ് കോളെജില്‍ തമിഴ് വിഭാഗത്തിന്റെ തലവനാണ്. അദ്ദേഹത്തിന്റെ ഭാര്യ ഏഴിലരസിയും തമിഴ് പ്രൊഫസറാണ്.

കവിതകളെക്കുറിച്ച് മാത്രമെ താനിപ്പോള്‍ ചിന്തിക്കുന്നുള്ളുവെന്നും കഴിഞ്ഞ 16 മാസങ്ങളിലായി എഴുതിയ കവിതകളാണ് പുറത്തുവരുന്നതെന്നും പെരുമാള്‍ മുരുകള്‍ പറഞ്ഞു.

തനിക്ക് പറയാനുളളതെല്ലാം തന്റെ കവിതകളിലുണ്ടെന്നും വരികള്‍ അവ വ്യക്തമാക്കുക തന്നെ ചെയ്യുമെന്നും പെരുമാള്‍ മുരുകന്‍ പറയുന്നു.