കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. നിങ്ങളുടെ അധികാരം കൊണ്ട് നിങ്ങള്‍ ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത് അല്ലാതെ ആളുകളുടെ സ്വകാര്യ താല്‍പര്യങ്ങള്‍ കൈകടത്തുകയല്ല ചെയ്യേണ്ടത് എന്നാണ് സിദ്ധാര്‍ത്ഥ് കേന്ദ്രസര്‍ക്കാറിനോടു പറഞ്ഞത്.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
“പ്രിയ ബി.ജെ.പി നിങ്ങള്‍ക്ക് അധികാരമുണ്ട്. ഇന്ത്യയെ ശക്തിപ്പെടുത്തൂ. ആളുകളുടെ സ്വകാര്യ തെരഞ്ഞെടുപ്പുകളില്‍ നിന്നു വിട്ടുനില്‍ക്കൂ. ഹിന്ദുരാജ്യം എന്ന കഥനം നിര്‍ത്തൂ. ഞങ്ങള്‍ അതിനേക്കാള്‍ ഭേദമാണ്.” എന്നാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
കശാപ്പുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ വര്‍ഗീയ ധ്രുവീകരണത്തിനു മാത്രമേ സഹായിക്കൂവെന്നും സിദ്ധാര്‍ത്ഥ് ചൂണ്ടിക്കാട്ടുന്നു.
“കന്നുകാലി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണ്. ഇത് ആളുകളെ ധ്രുവീകരിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ കശാപ്പ് അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യട്ടേ. കേന്ദ്രം അതില്‍ ഇടപെടേണ്ട.” അദ്ദേഹം പറയുന്നു.
കേന്ദ്രസര്‍ക്കാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെയും സിദ്ധാര്‍ത്ഥ് ട്വീറ്റിലൂടെ ആക്രമിക്കുന്നുണ്ട്. ഞങ്ങളില്‍ അധികവും ഭക്തരോ ഇടതുപക്ഷക്കാരോ അല്ല. ഞങ്ങള്‍ ഇന്ത്യക്കാര്‍ മാത്രമാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. ഈ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കൂ.” എന്നും അദ്ദേഹം കുറിക്കുന്നു.