Film News
ദളപതി 67ലെ റോളക്‌സ്? വിജയ്-ലോകേഷ് ചിത്രത്തില്‍ വില്ലനാവാന്‍ ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 11, 02:23 am
Saturday, 11th June 2022, 7:53 am

തമിഴ് സൂപ്പര്‍ താര സിനിമകളില്‍ നായക നടന്മാര്‍ തന്നെ വില്ലന്മാരാവുന്ന ട്രെന്‍ഡ് അടുത്ത കാലത്ത് ഉണ്ടായതാണ്. ഇത്തരത്തില്‍ അടുത്ത കാലത്ത് ഏറ്റവുമധികം വില്ലനായെത്തിയത് വിജയ് സേതുപതിയായിരുന്നു. രജനികാന്തിന്റെ പേട്ട, വിജയുടെ മാസ്റ്റര്‍, കമല്‍ ഹാസന്റെ വിക്രം എന്നീ ചിത്രങ്ങളിലെല്ലാം വിജയ് സേതുപതി വില്ലനായി എത്തിയിരുന്നു.

ഈ ഒരു ട്രെന്‍ഡോടെ കേവലം നായകന്റെ ഇടി കൊള്ളുന്ന വില്ലന്‍ എന്നതിനപ്പുറം നായകനൊത്ത, ചിലപ്പോള്‍ നായകനിലും മേലെ പോവുന്ന ശക്തരായ വില്ലന്മാരെ കാണാന്‍ സാധിച്ചു. സിനിമകള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു.

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ദളപതി 67 എന്ന ചിത്രത്തിലേക്കും ഇങ്ങനെയൊരു സൂപ്പര്‍ വില്ലന്‍ വരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പുതിയ വിജയ് ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം ധനുഷ് വില്ലന്‍ വേഷത്തിലെത്തിയേക്കുമെന്ന് ഇന്ത്യാഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കമല്‍-ലോകേഷ് ചിത്രം വിക്രത്തില്‍ സൂര്യ ചെയ്ത റോളക്‌സ് പോലെയൊരു കഥാപാത്രമായിരിക്കും ധനുഷിന്റേതും. സൂര്യയുടെ റോളക്‌സ് തിയേറ്ററുകളില്‍ വലിയ തരംഗമാണ് തീര്‍ത്തത്. സിനിമയുടെ ഒടുക്കം ഏതാനും മിനിട്ടുകള്‍ മാത്രമാണ് സൂര്യ വന്നതെങ്കിലും അത് വലിയ ഇംപാക്ട് ആണ് സിനിമക്ക് കൊടുത്തത്. ഇങ്ങനെ ശക്തനായ വില്ലനാവാനാണ് ധനുഷും ഒരുങ്ങുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.

അതേസമയം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഇനി ധനുഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന തിരുചിത്രമ്പലം, റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ദി ഗ്രേ മാന്‍, സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന നാനേ വരുവേന്‍ എന്നീ ചിത്രങ്ങളാണ് ഇനി ധനുഷിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്.

നിലവില്‍ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വാത്തി, അരുണ്‍ മാതേശ്വരന്റെ ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങളിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ദളപതി66 ആണ് അണിയറയിലൊരുങ്ങുന്ന വിജയുടെ മറ്റൊരു ചിത്രം. ദില്‍രാജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.

Content Highlight: Tamil superstar Dhanush may play villain in new Vijay-lokesh kanagaraj movie