| Sunday, 5th May 2019, 7:41 pm

വിജയ് സൂപ്പര്‍ നടനല്ല, മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സഹനടന്മാര്‍ നിലനില്‍ക്കുന്നത്, പാര്‍വതി മികച്ച നടിയാണെന്നും സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്ന് നടന്‍ സിദ്ദിഖ്. നമ്മുടെ സൂപ്പര്‍ താരങ്ങള്‍ സൂപ്പര്‍ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യമെന്നും മറ്റു ഭാഷകളില്‍ അത്തരം മഹിമകളില്ലെന്നും സിദ്ദിഖ് പറഞ്ഞു. എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണെന്നും സിദ്ദിഖ് പറഞ്ഞു.

‘മധുരരാജ എന്ന സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും ലൂസിഫര്‍ എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം. സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാര്‍ നിലനില്‍ക്കുന്നത്’- സിദ്ദിഖ് പറഞ്ഞു.

ഉയരെ എന്ന ചിത്രത്തില്‍ പാര്‍വതിയുടെ അഭിനയം കണ്ട് താന്‍ ഞെട്ടിയെന്നും പാര്‍വതിയുടെ പ്രായംവെച്ച് നോക്കുമ്പോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണെന്നും സിദ്ദിഖ് പറഞ്ഞു.

‘ഈ പ്രായത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയിട്ടില്ല. സംശയമില്ല, മലയാളസിനിമ കണ്ട ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ് പാര്‍വതി’- സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ സഹനടന്മാരുടെ നിരയില്‍ ഒരുപാട് കഴിവുറ്റ നടന്മാരുണ്ടെന്നും മത്സരിച്ചു ജയിക്കേണ്ട പ്രയത്‌നം തങ്ങള്‍ക്കിടയിലുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

ഞാന്‍ സിനിമയില്‍ വലിയ അംഗീകാരങ്ങള്‍ നേടിയ നടനല്ല. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണം കണ്ടുകൊണ്ട് കിട്ടുന്ന അടുത്ത ചിത്രങ്ങളിലെ അവസരങ്ങളാണ് എനിക്കു കിട്ടിയ വലിയ അംഗീകാരങ്ങള്‍. ചെറിയ കഥാപാത്രങ്ങളായി അഭിനയിച്ച് അതില്‍ സംതൃപ്തി കണ്ടെത്തും. ഇന്നുകിട്ടുന്നതെല്ലാം ബോണസാണ്’- സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more