| Monday, 8th November 2021, 4:42 pm

ജയ് ഭീമിലെ സെങ്കെനി, പാര്‍വതിയുടെ അവസ്ഥയില്‍ ദുഖമുണ്ട്; പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന് രാഘവ ലോറന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ് ഭീം സിനിമയില്‍ സെങ്കെനി എന്ന കഥാപാത്രത്തിന് പ്രചോദനമായ യഥാര്‍ത്ഥ ജീവിതത്തിലെ പാര്‍വതിയ്ക്ക് സഹായം പ്രഖ്യാപിച്ച് തമിഴ് നടനും കൊറിയോഗ്രഫറുമായ രാഘവ ലോറന്‍സ്.

സിനിമയില്‍ സെങ്കെനി നല്ല വീട്ടിലേയ്ക്ക് താമസം മാറുന്നതായാണ് കാണിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതി താമസിക്കുന്നത്.

ഇതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ രാഘവ, പാര്‍വതിയ്ക്കും കുടുംബത്തിനും പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചു.

”രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദുഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിയ്ക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു,” അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ അഭിഭാഷക ജീവിതത്തില്‍ 1993 സമയത്ത് വരുന്ന ഒരു കേസിനെ ആസ്പദമാക്കിയാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. ആദിവാസികളിലെ ഇരുള വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

രാജാക്കണ്ണ് എന്ന, പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെടുന്ന ആദിവാസി യുവാവിനെ അതേ പേരില്‍ തന്നെ സിനിമയില്‍ അവതരിപ്പിച്ചപ്പോള്‍ ഭാര്യ പാര്‍വതിയെ സെങ്കെനി എന്ന് പേര് മാറ്റിയായിരുന്നു ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

യഥാര്‍ത്ഥത്തില്‍ പാര്‍വതി കുറുവ വിഭാഗത്തില്‍ പെട്ടയാളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tamil star Raghava Lawrence offers new home to Parvathy, Sengeni in Jai Bhim

We use cookies to give you the best possible experience. Learn more