| Thursday, 15th March 2018, 9:38 am

സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കല്‍; തമിഴ് റോക്കേഴ്‌സ് അഡ്മിന്‍സ് അറസ്റ്റില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ പ്രചരിക്കുന്നതിനെതിരെ നിരവധി പരാതികളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ പുതിയ ചിത്രങ്ങളൂുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണിപ്പോള്‍.

സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍സിനെ അറസ്റ്റു ചെയ്തതായി പൊലീസ്. തമിഴ്നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയാണ് തിരുവനന്തപുരത്ത് വച്ച് അറസ്റ്റിലായത്. ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

സിനിമകള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ഇന്റര്‍നെറ്റില്‍ നല്‍കുന്ന സംഘമായിരുന്നു തമിഴ്റോക്കേഴ്സ്. കോടിക്കണക്കിന് രൂപയാണ് സിനിമപ്രവര്‍ത്തകര്‍ക്ക് നഷ്ടം വന്നിരുന്നത്.

നിരവധി ഡൊമൈനുകളിലൂടെ സിനിമകള്‍ അപ് ലോഡ് ചെയ്തിരുന്ന തമിഴ്റോക്കേഴ്സ് ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ വരുമാനമായി നേടിയത്. മുമ്പ് നിരവധി തവണ സിനിമാ പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് തമിഴ്റോക്കേഴ്സിന്റെ സൈറ്റുകളെ ബ്ലോക്ക് ചെയ്തിരുന്നു.

മുഖ്യപ്രതിയായ കാര്‍ത്തിയോടൊപ്പം പ്രഭു, സുരേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയും അധികൃതര്‍ പിടിച്ചടുത്തു. ഇവരുടെ സാമ്പത്തിക സ്രോതസുകളെപ്പറ്റി വിശദമായ പരിശോധനകള്‍ നടത്തിവരികയാണെന്ന് ആന്റി പൈറസി സെല്‍ പറഞ്ഞു.

മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കും ഈ സൈറ്റ് കാരണം കോടികളുടെ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍ നെറ്റില്‍ ഇടുകയും ,ശേഷം സൈറ്റില്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്നതിനനുസരിച്ച് പരസ്യ ഏജന്‍സി വഴി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കുകയുമാണ് ഇവരുടെ പ്രധാന രീതി.സിനിമ അപ് ലോഡ് ചെയ്തതിലൂടെ സമ്പാദിച്ച കോടികള്‍ ഇവരുടെ അക്കൗണ്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more