| Sunday, 19th September 2021, 10:49 am

'ബദായ് ഹോ'യുടെ തമിഴ് റീമേക്കുമായി ആര്‍.ജെ. ബാലാജി; പ്രധാന വേഷങ്ങളിലൊന്നില്‍ കെ.പി.എ.സി ലളിതയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ വലിയ വിജയമായിത്തീര്‍ന്ന ബദായ് ഹോ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് അണിയറയിലൊരുങ്ങുന്നു. ‘വീട്ടല വിശേഷങ്ക’ എന്ന പേരില്‍ ആര്‍.ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹിന്ദിയില്‍ ആയുഷ്മാന്‍ ഖുറാന ചെയ്ത വേഷം തമിഴില്‍ ബാലാജിയാണ് അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രത്തില്‍ കെ.പി.എ.സി ലളിതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സത്യരാജ്, ഉര്‍വശി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. നടി സീമ അതിഥി വേഷത്തിലും എത്തുന്നു.

1994 ല്‍ ഭാഗ്യരാജ് തിരക്കഥയും സംവിധാനം ചെയ്ത ചിത്രമാണ് വീട്ടല വിശേഷങ്ക. സിനിമയുടെ ടൈറ്റില്‍ റൈറ്റസ് ബാലാജി ഭാഗ്യരാജില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.

2018ല്‍ പുറത്തിറങ്ങിയ ബദായ് ഹോയില്‍ ആയുഷ്മാന്‍ ഖുറാന, നീന ഗുപ്ത, സുരേഖ സിക്രി, സാന്യ മല്‍ഹോത്ര, ഗജ്‌രാജ് റാവു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രം സാമ്പത്തികമായി വലിയ വിജയമായിരുന്നു.

ആ വര്‍ഷത്തെ നിരവധി പുരസ്‌കാരങ്ങളും ചിത്രം നേടിയെടുത്തു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഈയിടെ അന്തരിച്ച നടി സുരേഖ സിക്രിക്ക് 2019ലെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. നീന ഗുപ്തയുടെ അമ്മവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tamil remake of Badhai Ho under production

Latest Stories

We use cookies to give you the best possible experience. Learn more