| Thursday, 25th April 2024, 3:31 pm

മഞ്ഞുമ്മലിനെക്കാള്‍ മികച്ച സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് പറഞ്ഞ് വിശാഖ് 15 കോടി ചോദിച്ചു: തമിഴ് നിര്‍മാതാവ് ധനഞ്ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നിര്‍മാതാവും വിതരണക്കാരനുമായ ധനഞ്ജയന്‍. റിലീസിന് മുന്നേ സിനിമയുടെ നിര്‍മാതാവിനെ വിളിച്ച് റൈറ്റ്‌സ് ചോദിച്ചുവെന്നും എന്നാല്‍ വിശാല്‍ പറഞ്ഞ തുക വളരെ കൂടുതലായതുകൊണ്ട് താന്‍ പിന്മാറിയെന്നും ധനഞ്ജയന്‍ പറഞ്ഞു.

എന്നാല്‍ വിശാഖ് ചോദിച്ച തുകയുടെ പത്തിലൊന്ന് പോലും ഇതുവരെ കളക്ട് ചെയ്തില്ലെന്നും ധനഞ്ജയന്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് ഒക്കെ വണ്‍ ടൈം മാജിക്കായിരുന്നുവെന്നും അതുപോലൊരു സിനിമ ഇനിയുണ്ടാകില്ലെന്നും ധനഞ്ജയന്‍ പറഞ്ഞു. വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മഞ്ഞുമ്മല്‍ ബോയ്‌സ് ഗംഭീരമായി ഓടുന്ന സമയത്താണ് ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ പ്രൊഡ്യൂസറിനെ വിളിക്കുന്നത്. ആ സമയത്ത് സിനിമയുടെ ട്രെയ്‌ലര്‍ ഇറങ്ങിയിട്ടുണ്ടായിരുന്നു. ട്രെയ്‌ലര്‍ എനിക്കിഷ്ടമായി, ഈ സിനിമയുടെ തമിഴ്‌നാട് റൈറ്റ്‌സ് കിട്ടിയാല്‍ കൊള്ളാമെന്ന് ഞാന്‍ പറഞ്ഞു.

15 കോടിയാണ് അയാള്‍ പറഞ്ഞത്. അത്രയും വലിയ എമൗണ്ടിന് ആ സിനിമ ഏറ്റെടുക്കുന്നത് വലിയ റിസ്‌കാണ്. വേറെയാരെയെങ്കിലും നോക്കിക്കോളൂ എന്ന് ഞാന്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സിനെക്കാള്‍ മികച്ച സിനിമയാണെന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ 15 കോടി ചോദിച്ചത്.

മഞ്ഞുമ്മല്‍ ബോയ്‌സൊക്കെ വണ്‍ ടൈം മാജിക്കാണ്. ഇനി അതുപോലെ ഏതെങ്കിലും സിനിമ കളക്ഷന്‍ നേടാന്‍ ചാന്‍സ് കുറവാണ്. ആ സിനിമയുടെ വിജയം കണ്ട് എല്ലാ പടവും വാങ്ങാന്‍ നിന്നാല്‍ ശരിയാവില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഇതുവരെ ഒരു കോടി ഷെയര്‍ പോലും നേടിയിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ആവേശത്തിനാണ് അതിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍,’ ധനഞ്ജയന്‍ പറഞ്ഞു.

Content Highlight: Tamil Producer Dhananjayan saying that Vishak Subramanyam asked 15 crore for Varshangalkku Sesham

We use cookies to give you the best possible experience. Learn more