| Wednesday, 2nd May 2012, 1:00 pm

കേരളത്തിന്റെ മാലിന്യം തമിഴ്‌നാട്ടില്‍ നിക്ഷേപിക്കുന്നു; ലോറികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പിടിച്ചെടുത്തു, കേരളത്തിന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേരളം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യം. വിളപ്പില്‍ശാല, ചേലോറ പോലുള്ള മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ കേരളത്തിലെ പലയിടങ്ങളും ചീഞ്ഞ് നാറാന്‍ തുടങ്ങി. ഇപ്പോഴിതാ മാലിന്യത്തിന്റെ കാര്യത്തില്‍ കേരളസര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെ കുറ്റപ്പെടുത്തി തമിഴ്‌നാടും രംഗത്തെത്തിയിരിക്കുകയാണ്.

കേരളത്തില്‍ നിന്നും മാലിന്യം നിറച്ച ലോറികള്‍ തമിഴ്‌നാട്ടിലെത്തുന്നതാണ് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസം ഇത്തരത്തിലുള്ള നാല് ലോറികള്‍ പൊള്ളാച്ചിക്കടുത്ത് വച്ചു പിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.

കേരളത്തില്‍ നിന്നുള്ള ആശുപത്രിമാലിന്യങ്ങളുള്‍പ്പെടെയുള്ളവ പൊള്ളാച്ചിക്കടുത്തുള്ള ചെമ്മനംപതിയിലെ കൃഷിയിടങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ തമിഴ്‌നാട് പരിസ്ഥിതി മന്ത്രി ബി.വി രാമണ്ണയും രംഗത്തെത്തിയിട്ടുണ്ട്. ” കേരളത്തിലെ ആശുപത്രി മാലിന്യങ്ങള്‍ ചെമ്മനംപതിയിലെ പാടങ്ങളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചറിഞ്ഞപ്പോള്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ പെട്ടെന്ന് നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് കേരള മലിനീകരണനിയന്ത്രണ ബോര്‍ഡിന് നോട്ടീസയക്കാന്‍ ടി.എന്‍.പി.സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഇക്കാര്യം കേരള പി.സി.ബിയുമായി ചര്‍ച്ച ചെയ്തതാണ്” തമിഴ്‌നാട് പരിസ്ഥിതി മന്ത്രി പറഞ്ഞു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുത്ത പ്രദേശങ്ങളിലെ ചെക്ക്‌പോസ്റ്റിലെ പരിശോധന തമിഴ്‌നാട് കര്‍ശനമാക്കിയിരിക്കുകയാണ്. മാലിന്യം കയറ്റിയ വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിവിടരുതെന്നാണ് നിര്‍ദേശം.

പടിഞ്ഞാറന്‍ ജില്ലകളില്‍ കേരളത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ടി.എന്‍.പി.സി.ബിയോട് പരിസ്ഥിതി മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുണ്ടാവും.

പിടിച്ചെടുത്ത നാല് മാലിന്യ ലോറികള്‍ ടി.എന്‍.പി.സി.ബി ഓഫീസര്‍മാര്‍ തിങ്കളാഴ്ച പരിശോധിച്ചിരുന്നു. ഈ ലോറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ച കവുന്‍ഡന്‍പൂര്‍ വില്ലേജിലെ മറപ്പ പ്രദേശവും ഇവര്‍ സന്ദര്‍ശിച്ചിരുന്നു.

” വിഘടിച്ച ജൈവവളമാണെന്ന് പറഞ്ഞതിനാല്‍ ഒരു ലോറി ഡ്രൈവറെ മാലിന്യം നിക്ഷേപിക്കാന്‍ അനുവദിച്ചെന്ന് കൃഷിയിടത്തിന്റെ ഉടമ പറഞ്ഞു. എന്നാല്‍ ഈ മാലിന്യങ്ങളൊന്നും പൂര്‍ണമായി വിഘടിപ്പിച്ചതായിരുന്നില്ല. കൂടാതെ ഇതില്‍ പ്ലാസ്റ്റിക്, റബ്ബര്‍ എന്നിവയും ധാരാളം അടങ്ങിയിരിന്നു. ” കോയമ്പത്തൂര്‍ ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍ കെ. കാമരാജ് പറഞ്ഞു.

എന്നാല്‍ ഇതില്‍ ഏതെങ്കിലും വിധത്തിലുള്ള മെഡിക്കല്‍, ബയോ മാലിന്യങ്ങള്‍ ഉണ്ടെന്ന പെരിയാര്‍ ദ്രവിഡാര്‍ കഴകം പ്രവര്‍ത്തകരുടെ ആരോപണങ്ങളെ കാമരാജ് നിഷേധിച്ചു.

മൂന്ന് വര്‍ഷം മുമ്പ് സമാനസംഭവങ്ങള്‍ കൊച്ചി മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നെന്നും കാമരാജ് പറയുന്നു. ഈ മാലിന്യങ്ങള്‍ തിരികെ 20 ലോറികളിലായി കയറ്റി കൊച്ചിയിലേക്ക് തന്നെ തിരികെ അയക്കുകയാണ് അന്നുണ്ടായത്. ഈ മോശമായ രീതി അവസാനിപ്പിക്കണമെന്ന് ആ സമയം മുതല്‍ തങ്ങള്‍ കേരള മലിനീകരണ ബോര്‍ഡിനോട് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിഘടിച്ച മാലിന്യങ്ങള്‍ ഇവിടേക്ക് കൊണ്ടുവരുന്നതിന് വിലക്കില്ല. എന്നാല്‍ മിക്ക കേസുകളിലും പൂര്‍ണമായി വിഘടിച്ചവയല്ല ഇവിടെയെത്തുന്നത്. അതിനാല്‍ തമിഴ്‌നാടിലേക്ക് മാലിന്യങ്ങള്‍ കയറ്റിയയക്കുന്നതിന് മുമ്പ് തങ്ങളുടെ അനുമതി വാങ്ങണമെന്നും കാമരാജ് പറഞ്ഞു.

എന്നാല്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കെടുകാര്യസ്ഥത കാരണമാണ് ഇടയ്ക്കിടെ ഇതുപോലുള്ള സംഭവങ്ങളുണ്ടാവുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശേഷം കേരള-തമിഴ്‌നാട് ബന്ധം പഴയനിലയിലേക്ക് എത്തുന്നതിടയിലാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more