ചെന്നൈ: തമിഴ്‌നാട്ടില്‍ തിയേറ്ററുകളില്‍ നൂറ് ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കൊവിഡ് രോഗവ്യാപന സാഹചര്യത്തില്‍ തിയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
അതേസമയം തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്നത് പരിഗണക്കണമെന്ന് ഫിലിം ഫെഡറേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം പുതിയ തീരുമാനത്തോടെ തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ ആശങ്കയിലായിരിക്കുകയാണ്. തിയേറ്ററുകളില്‍ ഇതിനോടകം പൊങ്കല്‍ റിലീസുകളായ മാസ്റ്റര്‍, ഈശ്വരന്‍ എന്നീ ചിത്രങ്ങള്‍ക്കായി 13, 14 ദിവസങ്ങളിലെ നൂറ് ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്.
തിയേറ്ററുകളില്‍ നൂറു ശതമാനം പേര്‍ക്കും പ്രവേശനം നല്‍കുമെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് കാട്ടി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുകയാണ്. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ പറഞ്ഞത്.
വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. വലിയ ബാധ്യതയാണ് നിലവില്‍ ഉള്ളത്.
50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രണ്ടോ മൂന്നോ ഷോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ക്കും ആ പടം തരാന്‍ നിര്‍മാതാക്കള്‍ക്കും സാധിക്കില്ല.
എന്റര്‍ടൈന്‍മെന്റ് ടാക്‌സിലും ഈ പ്രദര്‍ശന സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പുതിയ ചിത്രങ്ങള്‍ റിലീസിന് കൊടുക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്‌സിന്റേയും ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റേയും തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. ഇതോടെ വിജയ് നായകനായ മാസ്റ്ററിന്റെ 13ാം തിയതിയുള്ള റിലീസിന്റെ കാര്യം ആശങ്കയിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക