| Saturday, 2nd December 2023, 11:57 am

കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ അറസ്റ്റ്; കൂടുതല്‍ റെയ്ഡ് തടയാന്‍ ഇ.ഡി ഓഫീസില്‍ സി.ആര്‍.പി.എഫ് കാവല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ അങ്കിത് തിവാരി അറസ്റ്റിലായതിനെ തുടര്‍ന്ന് മുക്കംമ്പാക്കം ഇ.ഡി ഓഫീസിന്റെ ഗേറ്റ് പൂട്ടി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്. മധുരയിലെ ഇ.ഡിയുടെ പ്രാദേശിക ഓഫീസില്‍ വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ വിജിലന്‍സ് റെയ്ഡ് നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വിജിലന്‍സ് റെയ്ഡ് ചെന്നൈയിലെ ഇ.ഡി ഓഫീസിലേക്കും എത്താമെന്ന മുന്‍ധാരണയിലാണ് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കുന്ന മധുര ഓഫീസിലേക്ക് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രവേശനം തമിഴ്‌നാട് പൊലീസ് തടഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അഴിമതി നിരോധന നിയമപ്രകാരം കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പൊലീസിന് അധികാരമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിയില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അവരെ കയ്യോടെ പിടികൂടുകയാണെങ്കില്‍ അന്വേഷണത്തെ തടയേണ്ടതില്ലെന്ന് കേരള ഹൈക്കോടതിയുടെ ഒരു വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് ചൂണ്ടിക്കാട്ടി.

സംസ്ഥാന അന്വേഷണ ഏജന്‍സിയും കേന്ദ്ര അന്വേഷണ ഏജന്‍സിയും മുഖാമുഖം നിന്ന് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം കൈക്കൂലിയുടെ ഒരു വിഹിതം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂടി നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടതായാണ് തമിഴ്‌നാട് വിജിലന്‍സ് പറയുന്നത്. ആയതിനാല്‍ മറ്റു ഇ.ഡി ഉദ്യോഗസ്ഥരിലേക്കും വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുമെന്നണ് സൂചന.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സി മനപൂര്‍വം കേസിലുള്‍പ്പെടുത്തുന്നുവെന്ന ഡി.എം.കെയുടെ ആരോപണങ്ങള്‍ക്കിടയിലാണ് അങ്കിത് തിവാരിയുടെ അറസ്റ്റ്. അറസ്റ്റിനെക്കുറിച്ച് ഇ.ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Tamil Nadu Vigilance arrests Enforcement Director in bribery case

Latest Stories

We use cookies to give you the best possible experience. Learn more