| Saturday, 19th February 2022, 4:11 pm

ഹിജാബ് ധരിച്ചെത്തിയവരെ വോട്ട് ചെയ്യാന്‍ സമ്മതിക്കാതെ ബി.ജെ.പി; തമിഴ്‌നാട്ടില്‍ പോളിംഗ് തടസപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുരൈ: ഹിജാബ് വിവാദം ശക്തമാകുന്നതിനിടെ തമിഴ്‌നാട്ടിലും ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ഉടലെടുക്കുന്നു. തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന ബി.ജെ.പി പേളിംഗ് ഏജന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്.

മധുരൈ ജില്ലയിലെ വേലൂരിലുള്ള പോളിംഗ് സ്‌റ്റേഷനിലായിരുന്നു സംഭവം. ഹിജാബ് ധരിച്ചെത്തിയ യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്നായിരുന്നു ബി.ജെ.പി പോളിംഗ് ഏജന്റായ ഗിരിരാജന്റെ നിലപാട്.

അതേ സമയം ഡി.എം.കെയുടെയും തമിഴ്‌നാട്ടിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെയും പോളിംഗ് ഏജന്റുമാര്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോഴും ഗിരിരാജന്‍ എതിര്‍ക്കുകയായിരുന്നു.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 30 മിനിറ്റോളം പോളിംഗ് തടസപ്പെടുകയും ചെയ്തു. എന്തിനാണ് പോളിംഗ് ബൂത്തിനുള്ള ഇവര്‍ക്ക് ഹിജാബ് ധരിക്കേണ്ട ആവശ്യം എന്നാക്രോശിച്ചായിരുന്നു ഇയാള്‍ പോളിംഗ് തടസപ്പെടുത്തിയത്.

പോളിംഗ് തടസപ്പെട്ടതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ പോളിംഗ് ബൂത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇയാള്‍ക്ക് പകരം ബി.ജെ.പിയുടെ മറ്റൊരു പോളിംഗ് ഏജന്റിനെ എത്തിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍ തുടര്‍ന്നത്.

ഗിരിരാജന്‍ മുസ്‌ലിം സ്ത്രീയെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവരെ വോട്ട് ചെയ്യാന്‍ അനുവദിച്ച പോളിംഗ് ഉദ്യോഗസ്ഥരോട് കയര്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഹിജാബ് ധരിച്ചാല്‍ ഇവരുടെ മുഖം കാണാനാവില്ലെന്നും, എങ്ങനെയാണ് ഇവരെ തിരിച്ചറിയുന്നത് എന്നുമാണ് ഗിരിരാജന്‍ വാദിക്കുന്നത്.

ഹിജാബ് ധരിച്ച നിരവധി സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി പുറത്തു നില്‍ക്കവെയായിരുന്നു ഇയാളുടെ പ്രകടനം.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നയാള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രബല രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം വിജയ് ഫാന്‍സും ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ മത്സരരംഗത്തുണ്ട്.

Actor Vijay's fans gear up to contest urban local body polls

22നാണ് വോട്ടെണ്ണല്‍.

Content Highlight: Tamil Nadu urban local body polls: Row over hijab disrupts voting at polling booth in Madurai

We use cookies to give you the best possible experience. Learn more