| Tuesday, 22nd February 2022, 3:37 pm

തമിഴ്‌നാട്ടില്‍ താമര വാടി; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈറോഡ്: തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഭരണ കക്ഷിയായ സ്റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ലാന്‍ഡ്‌സ്ലൈഡ് വിക്ടറിയിലേക്കെന്ന സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

പ്രധാന എതിരാളിയായ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) ചിത്രത്തില്‍ പോലും ഇല്ലാത്ത സ്ഥിതിയിലാണ്. സഖ്യമില്ലാതെ ഒറ്റയക്ക് മത്സരിച്ച എ.ഐ.എ.ഡി.എം.കെയുടെ പ്രധാന സഖ്യകക്ഷി ബി.ജെ.പിയുടെ നില അതിലും പരിതാപകരമാണ്.

ദ്രാവിഡരാഷ്ട്രീയത്തില്‍ കാല്‍വെക്കാനൊരുങ്ങിയ ബി.ജെ.പി അടിത്തറ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഫലം പ്രഖ്യാപിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 26 സീറ്റില്‍ മാത്രമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ജയിക്കാനായത്.

സീറ്റ് ചര്‍ച്ചകളില്‍ വന്ന പൊരുത്തക്കേടുകള്‍ കാരണം ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പിയുടെ നടപടി രാഷ്ട്രീയ പരാജയമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ബി.ജെ.പി പാനലില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട ഒരു സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

ഈറോഡ് ജില്ലയിലെ ഭവാനിപൂര്‍ ടൗണ്‍ പഞ്ചായത്ത് 11ാം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രനാണ് തന്റെ പരാജയത്തെ കുറിച്ച് മാധ്യങ്ങളോട് പറയുന്നത്. ഒറ്റ വോട്ട് മാത്രമാണ് വാര്‍ഡില്‍ നിന്നും നരേന്ദ്രന് ലഭിച്ചത്.

ഉപതെരഞ്ഞെടുപ്പ് ; അഞ്ചിടത്തും വാടി കുഴഞ്ഞ് താമര

ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും നരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഞാന്‍ ചെയ്ത ഒറ്റ വോട്ട് മാത്രമാണ് എനിക്ക് കിട്ടിയത്. കുടുംബമോ സുഹൃത്തുക്കളോ എന്തിന് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും എനിക്ക് വോട്ട് ചെയ്തില്ല. എല്ലാവരും എന്നെ പറ്റിക്കുകയായിരുന്നു,’ നരേന്ദ്രന്‍ പറയുന്നു.

അതേസമയം, ഭരണവിരുദ്ധവികാരമില്ലാതെയാണ് തമിഴ്‌നാട് ജനത വീണ്ടും ഡി.എം.കെയെ നെഞ്ചേറ്റിയിരിക്കുന്നത്.

ഫലം പ്രഖ്യാപിച്ച 100 മുനിസിപ്പാലിറ്റികളിലെ 344 കൗണ്‍സിലര്‍മാരില്‍ ഡി.എം.കെയുടെ 253 സ്ഥാനാര്‍ത്ഥികളാണ് ജയിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. എ.ഐ.എ.ഡി.എം.കെ 71 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ച ഡി.എം.ഡി.കെ മൂന്ന് സീറ്റുകളിലും ജയിച്ചു.

വോട്ടണ്ണല്‍ അവസാനിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 1236 സീറ്റുകളിലും ഡി.എം.കെ ആണ് വിജയിച്ചിരിക്കുന്നത്. 334 സീറ്റില്‍ എ.ഐ.എ.ഡി.എം.കെയും 26 സീറ്റില്‍ ബി.ജെ.പിയും 5 സീറ്റില്‍ ഡി.എം.ഡി.കെയും വിജയിച്ചു.

സംസ്ഥാനത്തെ 21 കോര്‍പ്പറേഷനിലേക്കും 138 മുനിസിപ്പാലിറ്റിയിലേക്കും 489 ടൗണ്‍ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

Content Highlight:  Tamil Nadu urban local body polls: BJP candidate gets one vote, says party cadre and others cheated him

We use cookies to give you the best possible experience. Learn more