| Saturday, 12th October 2024, 4:03 pm

തമിഴ്‌നാട് ട്രെയിൻ അപകടം; അട്ടിമറി അന്വേഷിക്കാൻ എൻ.ഐ.എ കവരൈപേട്ടയില്‍ എത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട്ടിലെ കവരൈപേട്ടയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടത്തിൽ അട്ടിമറിയുണ്ടോ എന്ന് അന്വേഷിക്കാൻ കവരപ്പേട്ടയിൽ എൻ.ഐ.എ എത്തിയതായി റിപ്പോർട്ട്.

ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലെ ഗുമ്മിഡിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയിൽ വെള്ളിയാഴ്ച രാത്രിയാണ് സിഗ്നൽ തകരാർ മൂലം അപകടം ഉണ്ടായത്. അതിവേഗത്തിൽ വന്ന മൈസൂർ-ദർഭംഗ എക്‌സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. ‘ട്രെയിൻ അപകടങ്ങൾ തടയാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കണം, അത് ഇപ്പോൾ സംഭവങ്ങളുടെ തുടർച്ചയായി മാറിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

അപകടത്തെ അപലപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉണർന്നെഴുന്നേൽക്കുന്നതിന് മുമ്പ് ഇനിയും എത്ര കുടുംബങ്ങൾ നശിപ്പിക്കപ്പെടുമെന്ന അദ്ദേഹം ചോദിച്ചു.

നിരവധി അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടും കേന്ദ്രം പാഠങ്ങളൊന്നും പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മൈസൂർ-ദർഭംഗ ട്രെയിൻ അപകടം ഭയാനകമായ ബാലസോർ അപകടത്തെ പ്രതിഫലിപ്പിക്കുന്നു ഒരു പാസഞ്ചർ ട്രെയിൻ നിശ്ചലമായ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുന്നു. കേന്ദ്രം കണ്ണ് തുറക്കുമ്പോഴേക്കും എത്ര കുടുംബങ്ങൾ നശിച്ചിട്ടുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

അതേസമയം, മെയിൻ ലൈനിനായി സിഗ്നലുകൾ സജ്ജീകരിച്ചിട്ടും മൈസൂരു-ധർഭംഗ എക്സ്പ്രസ് ലൂപ്പ് ലൈനിലേക്ക് പ്രവേശിക്കുന്നത് അസാധാരണമാണെന്ന് ദക്ഷിണ റെയിൽവേ മാനേജർ ആർ.എൻ. സിങ് പറഞ്ഞു. സിഗ്നൽ തകരാറിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

അപകടത്തില്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തിട്ടുണ്ട്. എക്‌സ്‌പ്രസ് ട്രെയിൻ മെയിൻ ലൈനിലേക്ക് കയറുന്നതിന് പകരം ലൂപ്പ് ലൈനിലേക്ക് പ്രവേശിക്കുന്നതിനിടെ നിശ്ചലമായ ഗുഡ്‌സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഗുഡ്സ് ട്രെയിൻ ശൂന്യമായതിനാലാണ് അപകടത്തിന്റെ ആഘാതം കുറഞ്ഞത്. അപകടത്തിൽ തകർന്ന നാല് ലൈനുകളും ഒക്ടോബർ 13ന് രാവിലെയോടെ പുനഃസ്ഥാപിക്കും.

Content Highlight: Tamil Nadu train accident LIVE: NIA arrives at Kavarapettai to probe sabotage angle

We use cookies to give you the best possible experience. Learn more