ടി-20യില്‍ തമിഴ്‌നാടിനോട് 'തോറ്റ്' ഇന്ത്യ; മൂന്നാമത് കര്‍ണാടക, നാലാം സ്ഥാനത്ത് പാകിസ്ഥാന്‍, പട്ടിക ഇങ്ങനെ
Sports News
ടി-20യില്‍ തമിഴ്‌നാടിനോട് 'തോറ്റ്' ഇന്ത്യ; മൂന്നാമത് കര്‍ണാടക, നാലാം സ്ഥാനത്ത് പാകിസ്ഥാന്‍, പട്ടിക ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th November 2024, 10:42 pm

2024ലെ അവസാന മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ ഈ വര്‍ഷത്തെ ടി-20 ക്യാമ്പെയ്ന്‍ അവസാനിപ്പിച്ചത്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ പരമ്പരയും ഇതോടൊപ്പം ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ഈ വിജയത്തിന് പിന്നാലെ ഒരു കലണ്ടര്‍ ഇയറില്‍ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിജയശതമാനമുള്ള നാഷണല്‍ ടീം എന്ന റെക്കോഡ് നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം കളിച്ച 26 മത്സരത്തില്‍ 24ലും വിജയിച്ചാണ് ഇന്ത്യ റെക്കോഡിട്ടത്.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ലോകകപ്പിന് ശേഷം സിംബാബ്‌വേക്കെതിരെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും മാത്രമാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്.

2018ല്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയ 89.47 ശതമാനത്തിന്റെ എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

അന്താരാഷ്ട്ര തലത്തില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ടി-20 ഫോര്‍മാറ്റിലെ എല്ലാ ടീമുകളെയും പരിഗണിക്കുമ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2021ല്‍ തമിഴ്‌നാട് സൃഷ്ടിച്ച റെക്കോഡാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്.

കളിച്ച 16ല്‍ 15ലും ജയിച്ചാണ് തമിഴ്‌നാട് ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ കയ്യടക്കിവെക്കുന്നത്. ആ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ജേതാക്കളും തമിഴ്‌നാടായിരുന്നു.

2019ലെ കര്‍ണാടകയാണ് ഇന്ത്യക്ക് തൊട്ടുതാഴെ മൂന്നാമത്. 2019ലെ മുഷ്താഖ് അലി ട്രോഫി ജേതാക്കളായാണ് കര്‍ണാടക റെക്കോഡ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം അടിയാളപ്പെടുത്തിയത്. ഫൈനലില്‍ ഒരു റണ്ണിന് തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് കര്‍ണാടക കിരീടമണിഞ്ഞത്.

 

പുരുഷ ടി-20യില്‍ ഒരു കലണ്ടര്‍ ഇയറിലെ ഏറ്റവും മികച്ച വിജയശതമാനം (ചുരുങ്ങിയത് 15 മത്സരങ്ങള്‍)

(ടീം – വര്‍ഷം – ആകെ കളിച്ച മത്സരം – വിജയം – പരാജയം – വിജയശതമാനം)

തമിഴ്‌നാട് – 2021 – 16 – 15 – 1 – 93.75%

ഇന്ത്യ – 2024 – 26 – 24* – 2 – 92.31%

കര്‍ണാടക – 2019 – 24 – 22 – 2 – 91.67%

പാകിസ്ഥാന്‍ – 2018 – 19 – 17 – 2 – 89.47%

സോമര്‍സെറ്റ് – 2023 – 17 – 15 – 2 – 88.24%

അതേസമയം, അന്താരാഷ്ട്ര തലത്തില്‍ 90ന് മുകളില്‍ വിജയശതമാനമുള്ള ഏക ടീം ഇന്ത്യയാണ്.

 

ഒരു കലണ്ടര്‍ ഇയറിലെ ടി-20 മാച്ചില്‍ ഏറ്റവുമധികം വിജയശതമാനമുള്ള ടീം (ചുരുങ്ങിയത് 15 മത്സരങ്ങള്‍)

(ടീം – വര്‍ഷം – ആകെ കളിച്ച മത്സരങ്ങള്‍ – വിജയം – പരാജയം – വിജയശതമാനം എന്നീ ക്രമത്തില്‍)

ഇന്ത്യ – 2024 – 26 – 24 – 2 – 92.31%

പാകിസ്ഥാന്‍ – 2018 – 19 – 17 – 2 – 89.47%

ഉഗാണ്ട 2023 – 33 – 29 – 4 – 87.88%

പപ്പുവ ന്യൂ ഗിനി – 2019 17 14 3 87.50%

അഫ്ഗാനിസ്ഥാനെതിരെ പരമ്പര നേടിക്കൊണ്ടാണ് ഇന്ത്യ 2024 തുടങ്ങിയത്. ശേഷം ടി-20 ലോകകപ്പില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കിയ ഇന്ത്യ സിംബാബ്വേക്കെതിരായ പരമ്പര 4-1ന് സ്വന്തമാക്കി.

എതിരാളികളുടെ തട്ടകത്തിലെത്തി ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത ഇന്ത്യ സ്വന്തം തട്ടകത്തില്‍ ബംഗ്ലാദേശിനെയും ആധികാരികമായി തന്നെ പരാജയപ്പെടുത്തി.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ കിങ്സ്മീഡില്‍ നടന്ന ആദ്യ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ സെന്റ് ജോര്‍ജ്സ് ഓവലില്‍ പൊരുതിത്തോറ്റു.

സെഞ്ചൂറിയനില്‍ വിജയിച്ച് പരമ്പരയില്‍ ലീഡ് നേടിയ ഇന്ത്യ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ ജയം സ്വന്തമാക്കി പരമ്പരയും റെക്കോഡും സ്വന്തമാക്കുകയായിരുന്നു.

 

Content highlight: Tamil Nadu tops the list of highest win percentage in a calendar year