ചെന്നൈ: ബി.ജെ.പി കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പിക്കല്‍ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെ. ഈ വരുന്ന നവംബര്‍ നാലിന് സംസ്ഥാനത്തൊട്ടാകെ പബ്ലിക് മീറ്റിങ്ങുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനമെന്നാണ് പാര്‍ട്ടി ഭാരവാഹികള്‍ അറിയിക്കുന്നത്.
തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പിക്കുന്നതിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിനെ കുറിച്ചും യോഗങ്ങളില്‍ വിശദീകരണം നല്‍കും. പ്രമേയത്തിന്മേല്‍ ചര്‍ച്ചയും നടത്തും.
നേരത്തെ ബി.ജെ.പി സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ തീരുമാനത്തിനെതിരെ ഡി.എം.കെയുടെ യൂത്ത് ആന്‍ഡ് സ്റ്റുഡന്റ്‌സ് വിങ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് സംസ്ഥാനവ്യാപകമായി പ്രതിഷേധസമരം നടത്തിയിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേന്ദ്ര നയത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ ചരിത്രത്തില്‍ യുവജനത പോരാടിയതിനെ കുറിച്ചും അവരുടെ ത്യാഗങ്ങളെ കുറിച്ചും ഓര്‍മിപ്പിച്ച സ്റ്റാലിന്‍, ഇനിയുമൊരു ‘ഭാഷാ യുദ്ധം’ തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കരുതെന്നും പറഞ്ഞിരുന്നു. (not to impose another language war on us)