| Sunday, 24th May 2020, 10:45 am

ലോക്ക് ഡൗണിനിടെ തമിഴ്‌നാട്ടില്‍ 17 വന്‍കിട വ്യവസായ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്താനാനുമതി; 25 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍കിട വ്യവസായ യുണിറ്റുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ലോക്ക് ഡൗണില്‍ രണ്ടു മാസത്തോളമായി അടഞ്ഞു കിടന്ന ചെന്നൈയിലെ 17 വ്യവസായ യൂണിറ്റുകളാണ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക.

കര്‍ശനമായ കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചാവണം ഗിണ്ഡിയിലെയും അമ്പത്തൂരിലെയും യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടതെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. നിലവിലെ ഉത്തരവ് പ്രകാരം 25 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിച്ചു തുടങ്ങനാണ് നിര്‍ദേശിക്കുന്നത്.

കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള ജീവനക്കാരെ യൂണിറ്റുകളില്‍ ജോലിക്ക് നിര്‍ത്താന്‍ അനുവദിക്കില്ല. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പോലും ജോലിയില്‍ പ്രവേശിപ്പിക്കില്ല.

മാര്‍ച്ച് 24ന് തമിഴ്‌നാട്ടിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാ സ്ഥാപനങ്ങളും അടച്ചു പൂട്ടിയിരുന്നു. ഇതോടെ നിരവധി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.

ലോക്ക് ഡൗണ്‍ ആയതോടെ സംസ്ഥാനത്ത് ജി.എസ്.ടിയുടെ വരുമാനത്തില്‍ 35,000 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ ഇതുവരെ 15,000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ചെന്നൈയില്‍ മാത്രം 10,000ലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനവും തമിഴ്‌നാടാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more