| Monday, 21st November 2022, 3:07 pm

50 ഓവറില്‍ 506 റണ്‍സ്, അതും ഒരു ഇന്ത്യന്‍ ടീം; അമ്പോ ഇതെന്തൊരടി!

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയിലെ തമിഴ്‌നാടിന്റെ പ്രകടനം കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍. ദുര്‍ബലരായ എതിരാളികളെ തല്ലിച്ചതക്കുന്നത് ക്രിക്കറ്റില്‍ പതിവുള്ള കാഴ്ചയാണെങ്കിലും ഇതൊരല്‍പം കൂടിപ്പോയില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സ്‌കോര്‍ പടുത്തുര്‍ത്തിയാണ് തമിഴ്‌നാട് പുതിയ ചരിത്രമെഴുതിയത്. തമിഴ്‌നാട് – അരുണാചല്‍ പ്രദേശ് മത്സരത്തിലായിരുന്നു തമിഴ്‌നാടിന്റെ സംഹാര താണ്ഡവം.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച അരുണാചല്‍ പ്രദേശിന്റെ തീരുമാനം ആദ്യം മുതല്‍ തന്നെ തെറ്റുന്ന കാഴ്ചയായിരുന്നു കണ്ടത്. തമിഴ്‌നാട് ഓപ്പണര്‍ സായ് സുദര്‍ശനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നാരായണ്‍ ജഗദീശനും ക്രീസിലെത്തി ഒരുനിമിഷം വൈകാതെ വെടിക്കെട്ട് തുടങ്ങുകയായിരുന്നു.


ഓപ്പണിങ് കൂട്ടുകെട്ടിന്റെ മാസ്മരിക പ്രകടനം തന്നെ അരുണാചലിനെ തളര്‍ത്താന്‍ പോന്നതായിരുന്നു. 416 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

സായ് സുദര്‍ശന്‍ 102 പന്തില്‍ നിന്നും 19 ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 154 റണ്‍സ് നേടി പുറത്തായപ്പോള്‍ നാരായണ്‍ ജഗദീശന്‍ 141 പന്തില്‍ നിന്നും 277 റണ്‍സാണ് നേടിയത്.

ഗോഡ് മോഡില്‍ അടി തുടങ്ങിയ ജഗദീശന്‍ 25 ബൗണ്ടറിയും 15 സിക്‌സറുമടക്കമാണ് 277 റണ്‍സ് നേടിയത്. ഇതോടെ രോഹിത് ശര്‍മയുടെ 264 റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാനും ജഗദീശനായി.

ലിസ്റ്റ് എ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന രോഹിത്തിന്റെ റെക്കോഡാണ് ജഗദീശന്‍ തകര്‍ത്തത്. 2014ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട് പിറന്നത്.

ഇതിന് പുറമെ ലിസ്റ്റ് എ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡിനും തമിഴ്‌നാടിന്റെ വിക്കറ്റ് കീപ്പര്‍ ഉടമയായി. 2002ല്‍ സറേ – ഗ്ലാമര്‍ഗന്‍ മത്സരത്തില്‍ അലിസ്റ്റര്‍ ബ്രൗണ്‍ നേടിയ 268 റണ്‍സിന്റെ റെക്കോഡാണ് ചിന്നസ്വാമിയില്‍ പഴങ്കഥയായത്.

ഒടുവില്‍ ടീം സ്‌കോര്‍ 448ല്‍ നില്‍ക്കവെ ജഗദീശന്‍ മടങ്ങുകയായിരുന്നു. ചേതന്‍ ആനന്ദിന്റെ പന്തില്‍ നബാം തഗാമിന് ക്യാച്ച് നല്‍കിയായിരുന്നു ജഗദീശന്റെ മടക്കം.

മൂന്നാമതായെത്തിയ ബാബ അപരജിത്തും നാലാമനായി കളത്തിലിറങ്ങിയ തമിഴ്‌നാട് ക്യാപ്റ്റനും അപരജിത്തിന്റെ ഇരട്ട സഹോദരനുമായ ബാബ ഇന്ദ്രജിത്തും 31 റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ 506 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് തമിഴ്‌നാട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

content highlight: Tamil Nadu scored 506 ad in Vijay Hazare Trophy

We use cookies to give you the best possible experience. Learn more