ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുനല്‍കാന്‍ തീരുമാനിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 9 വരെ നീട്ടിയിട്ടുണ്ട്.
പുതിയ ഇളവുകള്‍ പ്രകാരം, തിങ്കളാഴ്ച മുതല്‍ 50 ശതമാനം ആളുകളെ ഉള്‍ക്കൊണ്ട് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തിയേറ്ററിലെ ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 1 മുതല്‍ ഒമ്പത് മുതല്‍ പത്തുവരെയുള്ള ക്ലാസുകളുടെ ഓഫ്ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് സ്‌കൂളുകള്‍ പുനരാരംഭിക്കാനും അനുമതിയുണ്ട്.
ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളുടെ ഓഫ്ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം സെപ്റ്റംബര്‍ 15 ന് ശേഷം എടുക്കും.
കോളേജുകളും പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളും സെപ്റ്റംബര്‍ 1 മുതല്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തുറക്കാം, ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. അധ്യാപകരും ജീവനക്കാരും കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Tamil Nadu Schools To Open Next Month For Class 9+, Theatres From Monday