ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ ഉടന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി ഡി.എം.കെ എം.പിമാര്‍.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്, ഇടത് എം.പിമാരുമായി ചേര്‍ന്ന് ഭരണകക്ഷിയായ ഡി.എം.കെയിലെ എം.പിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു.
ഗവര്‍ണര്‍ ആര്‍.എന്‍. രവി ഭരണഘടനാ പദവി നിര്‍വഹിക്കാന്‍ യോഗ്യനല്ലെന്നാണ് കത്തില്‍ പറയുന്നത്. തമിഴ്‌നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ തടസപ്പെടുത്തുന്നെന്നും ഡി.എം.കെ കത്തില്‍ ആരോപിക്കുന്നു.
ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായും സമാധാനത്തിന് തന്നെ ഭീഷണിയായും പ്രവര്‍ത്തിക്കുന്നു, ജനങ്ങളെ സേവിക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ തടയുന്നു, സാമുദായിക വിദ്വേഷം ഉണര്‍ത്തുന്നു- എന്നും ഡി.എം.കെ എം.പിമാര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പറയുന്നു.
”ഭരണഘടനയും നിയമവും സംരക്ഷിക്കുമെന്നും പ്രതിരോധിക്കുമെന്നുമുള്ള സത്യപ്രതിജ്ഞ ഗവര്‍ണര്‍ ആര്‍.എന്‍. രവി ലംഘിച്ചു,” കത്തില്‍ പറയുന്നു.
തമിഴ്‌നാട് നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പുവെക്കുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നെന്നും ഡി.എം.കെ ആരോപിക്കുന്നു. ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയിലിരിക്കാന്‍ ആര്‍.എന്‍. രവി യോഗ്യനല്ലെന്നും അദ്ദേഹത്തെ കേന്ദ്രം ഉടന്‍ തന്നെ പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.