| Saturday, 6th August 2022, 10:03 pm

യൂണിഫോമില്‍ റാമ്പ് വാക്ക്; വീഡിയോ വൈറല്‍, പൊലീസുകാര്‍ക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സൗന്ദര്യ മത്സരവേദിയില്‍ യൂണിഫോമില്‍ റാമ്പ് വാക്ക് നടത്തിയതിന് പൊലീസുകാര്‍ക്കെതിരെ നടപടി. അഞ്ച് പൊലീസുകാര്‍ക്കെതിരെയാണ് സ്ഥലംമാറ്റല്‍ നടപടിയുണ്ടായത്.

തമിഴ്‌നാട്ടില്‍ മയിലാടുതുറൈ ജില്ലയിലെ ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് ഫാഷന്‍ഷോ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നടപടി നേരിടേണ്ടിവന്നത്.

മയിലാടുതുറൈയിലെ ഒരു മോഡലിങ് സ്ഥാപനമാണ് കഴിഞ്ഞയാഴ്ച സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. സിനിമാതാരം യാഷികാ ആനന്ദ് മുഖ്യാതിഥിയായ പരിപാടിയുടെ സുരക്ഷയ്ക്കാണ് ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പൊലീസുകാരെ നിയോഗിച്ചത്.

പരിപാടി അവസാനിക്കാറായപ്പോള്‍ ജോലിയിലുള്ള പോലീസുകാരെ സംഘാടകര്‍ റാമ്പിലേക്ക് ക്ഷണിക്കുകയായിരുന്നു. എ.എസ്.ഐ. സുബ്രഹ്‌മണ്യനും കോണ്‍സ്റ്റബിള്‍ ശിവനേശനും വനിതാ പൊലീസുകാരായ രേണുകയും അശ്വിനിയും നിത്യശീലയും ക്ഷണം സ്വീകരിച്ചു. സംഗീതത്തിനൊത്ത് അവര്‍ റാമ്പില്‍ ചുവടുവെച്ചു.

പൊലീസുകാരുടെ റാമ്പ് വാക്കിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പരാതിയുയര്‍ന്നത്. ജോലിക്കിടെ യൂണിഫോമില്‍ ഫാഷന്‍ഷോയില്‍ പങ്കെടുക്കുകവഴി ഇവര്‍ പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം.

തുടര്‍ന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് ജി. ജവാഹര്‍ അഞ്ചുപേരെയും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടത്.

വീഡിയോ കാണാം:

Content Highlight: Tamilnadu Police officers transferred for walking on the ramp in a fashion show

We use cookies to give you the best possible experience. Learn more