| Friday, 15th March 2024, 4:16 pm

കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് പൊലീസ്. അനുമതി നിഷേധിച്ചത് പ്രധാനമന്ത്രിയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്നാണ് പൊലീസിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോയമ്പത്തൂരില്‍ ബി.ജെ.പി തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന റോഡ് ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. നിലവില്‍ റോഡ് ഷോയ്ക്ക് അനുമതി തേടി ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കോയമ്പത്തൂര്‍ ടൗണില്‍ നാല് കിലോമീറ്റര്‍ ദൂരത്തിലായി റോഡ് ഷോ നടത്തുന്നതിനാണ് സംസ്ഥാന പൊലീസില്‍ നിന്ന് ബി.ജെ.പി അനുമതി തേടിയിരുന്നത്. എന്നാല്‍ പ്രചരണ റാലിയുടെ സമാപനത്തിനായി ബി.ജെ.പി തെരഞ്ഞെടുത്തത് 1998ല്‍ ബോംബ് സ്‌ഫോടനം നടന്ന ആര്‍.എസ്.പുരം ആയിരുന്നു.

ബി.ജെ.പിയുടെ ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി വൈകിട്ട് 4:30ന് വിഷയത്തില്‍ ഉത്തരവ് പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദിക്ക് സംസ്ഥാനത്ത് സുരക്ഷാ ഭീഷണി ഉണ്ടെന്നും റോഡ് ഷോ പരീക്ഷയുള്ള കുട്ടികളെ ബാധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം പ്രധാനമന്ത്രിക്ക് ഭീഷണി ഉണ്ടെങ്കില്‍ റോഡ് ഷോ നടത്താന്‍ എസ്.പി.ജി അനുമതി നല്‍കുമോ എന്ന് കോടതി പൊലീസിനോട് ചോദിച്ചു. എന്നാല്‍ റാലി നടത്താന്‍ തങ്ങളുടെ അനുമതിയും വേണമെന്നായിരുന്നു പൊലീസ് ചോദ്യത്തിന് നല്‍കിയ മറുപടി.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് മോദി സംസ്ഥാനത്ത് സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

പ്രളയത്തില്‍ ദുരിതമനുഭവിച്ചിരുന്നപ്പോള്‍ തമിഴ്നാട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് സമയം കിട്ടിയില്ലെന്ന് എം.കെ. സ്റ്റാലിന്‍ മോദിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി. എന്നാല്‍ ഗുജറാത്തില്‍ പ്രളയമുണ്ടായപ്പോള്‍ സന്ദര്‍ശനം നടത്താന്‍ മോദിയ്ക്ക് സമയം കിട്ടിയിരുന്നെന്നും സ്റ്റാലിന്‍ പറഞ്ഞു.

നുണകളും വാട്സ്ആപ്പ് കഥകളും ബി.ജെ.പിയുടെ ഹൃദയമിടിപ്പാണെന്നും സ്റ്റാലിന്‍ പരിഹസിക്കുകയും ചെയ്തു. ഈ നുണകള്‍ പൗരന്മാര്‍ ഏറ്റെടുക്കുകയില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Tamil Nadu Police denied permission for Narendra Modi’s road show in Coimbatore

We use cookies to give you the best possible experience. Learn more