ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി നയത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും പ്രതിപക്ഷകക്ഷിയായ ഡി.എം.കെയും ഷായുടെ നീക്കത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
ഈ സന്ദര്‍ഭത്തില്‍ കേന്ദ്രസര്‍ക്കാരിനു ഹിന്ദി അടിച്ചേല്‍പ്പിക്കാനാവില്ലെന്നായിരുന്നു തമിഴ്‌നാട് സാംസ്‌കാരിക മന്ത്രി മഫോയ് കെ. പാണ്ഡ്യരാജന്റെ പ്രതികരണം.
ദ്വിഭാഷാ ഫോര്‍മുലയാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്നതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി കെ.എം സെങ്കോട്ടിയാന്റെ പ്രതികരണം. സി.എന്‍ അണ്ണാദുരൈയുടെ കാലത്തു തന്നെ ഇതു സ്വീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇക്കാര്യം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഫിഷറീസ് മന്ത്രി കെ. ജയകുമാര്‍ പറഞ്ഞു.
ഇത് ‘ഇന്ത്യയാണ് ഹിന്ദ്യ’യല്ലെന്നായിരുന്നു ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞത്.
ഒരു പ്രദേശത്തെ പരസ്പര ശത്രുതയോടുകൂടിയ ചെറുരാജ്യങ്ങളായി വിഭജിക്കുകയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുകയെന്നതിലൂടെ നടപ്പിലാകുകയെന്ന് എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈകോ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ യൂണിയനില്‍ അവശേഷിക്കുക ഹിന്ദി സംസാരിക്കുന്ന രാജ്യങ്ങള്‍ മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഒരു രാജ്യം, ഒരു സംസ്‌കാരം’ എന്ന ഭൂരിപക്ഷ നയം നടപ്പിലാക്കാന്‍ ബി.ജെ.പിയുടെ കൈയിലുള്ള ഉപകരണമാണു ഹിന്ദിയെന്നായിരുന്നു വിടുതലൈ ചിരുത്തൈഗല്‍ കക്ഷി (വി.സി.കെ) പ്രസിഡന്റ് തോള്‍ തിരുമാവളവന്‍ എം.പി പറഞ്ഞത്.
ഹിന്ദു ആധിപത്യം സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്നും അത് ന്യൂനപക്ഷങ്ങള്‍ക്കും മതേതര ജനാധിപത്യത്തിനും വൈവിധ്യത്തിനും ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഷായ്‌ക്കെതിരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കക്ഷിയും (പി.എം.കെ) രംഗത്തെത്തി. ഹിന്ദി ആഗോളതലത്തില്‍ ഇന്ത്യയുടെ സ്വത്വമാകാന്‍ പാടില്ലെന്നും വിഭജനത്തിന്റെ വിത്ത് പാകാനാണ് ഷാ ശ്രമിക്കുന്നതെന്നും പി.എം.കെ പ്രസിഡന്റ് എസ്. രാമദാസ് പറഞ്ഞു.
സി.പി.ഐ സംസ്ഥാന ഘടകവും ടി.ടി.വി ദിനകരന്റെ എ.എം.എം.കെയും ഷായ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.