| Friday, 8th May 2020, 4:02 pm

മദ്യശാലകള്‍ തുറന്നതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം; രണ്ടിടങ്ങളില്‍ പൊലീസ് ലാത്തിവീശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില്‍പന ശാലകള്‍ തുറന്നതിനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള പ്രതിഷേധത്തില്‍ മധുരയിലും കടലൂരും പൊലീസ് ലാത്തി വീശി.

മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

മധുരയിലും കടലൂരും പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന സമയത്ത് റെഡ്‌സോണിലുള്‍പ്പെടെ മദ്യശാലകള്‍ തുറന്നതിനെതിരെയാണ് പ്രതിഷേധം.

ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവയൊഴികെയുള്ള ജില്ലകളിലാണ് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. റെഡ് സോണുകളില്‍ അടക്കം മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. അതേസമയം തമിഴ്നാട്ടില്‍ എക്സൈസ് നികുതി 15 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം 170 കോടിയിലധികം രൂപയുടെ മദ്യവില്‍പന നടന്നുവെന്നാണ് കണക്കുകള്‍.

മദ്യവില്‍പ്പനശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കറുത്ത കൊടികള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ചെന്നൈയിലുള്ള സ്റ്റാലിന്റെ വസതിക്ക് മുന്‍പില്‍ നിന്നാണ് അദ്ദേഹവും കുടുംബവും ഡി.എം.കെ പ്രവര്‍ത്തകരും പ്രതിഷേധിച്ചത്.

തമിഴ്‌നാട്ടില്‍ ഉപാധികളോടെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ മദ്രാസ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. മൂന്ന് ദിവസത്തിനിടെ ഒരാള്‍ക്ക് ഒരു ലിറ്റര്‍ മദ്യമേ നല്‍കാന്‍ പാടുള്ളുവെന്നും ഇതോടൊപ്പം സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.

ദേശീയതലത്തില്‍ ലോക്ഡൗണ്‍ ഇളവനുവദിച്ചതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിട്ടുണ്ട്. പലയിടങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ കാറ്റില്‍ പറത്തിയാണ് മദ്യവില്‍പ്പന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more