ടിക് ടോക് സാംസ്‌കാരിക മൂല്യച്യുതിക്ക് കാരണമാകുന്നു; ചൈനീസ് വിഡിയോ ആപ്പ് നിരോധിക്കണമെന്ന് തമിഴ്‌നാട് മന്ത്രി
national news
ടിക് ടോക് സാംസ്‌കാരിക മൂല്യച്യുതിക്ക് കാരണമാകുന്നു; ചൈനീസ് വിഡിയോ ആപ്പ് നിരോധിക്കണമെന്ന് തമിഴ്‌നാട് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th February 2019, 12:12 am

ചെന്നൈ: ജനപ്രിയ ചൈനീസ് നിര്‍മിത വിഡിയോ ആപ്പ് ആയ ടിക് ടോക് നിരോധിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കുമെന്ന് തമിഴ്‌നാട് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എം. മണികണ്ഠന്‍. നിയമസഭയില്‍ എം.ജെ.കെയുടെ എം.എല്‍.എയായ തമീമുന്‍ അന്‍സാരി സമര്‍പ്പിച്ച നിവേദനം പരിശോധിച്ച ശേഷമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

യുവതലമുറ ടിക് ടോകില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, സാംസ്‌കാരിക മൂല്യങ്ങളുടെ അധപതനത്തിന് ടിക് ടോക് കാരണമാകുമെന്നും അന്‍സാരി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ടിക് ടോക്കിലൂടെ ലൈംഗികച്ചുവയുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായും സാധാരണക്കാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെടുന്നതായും അന്‍സാരി ചൂണ്ടിക്കാട്ടി.

Also Read എന്റെ രാജി വീരോചിതമായ നിലപാടല്ല; ജിഗ്നേഷ് മേവാനിക്ക് ക്ഷണം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് രാജി വെച്ച ഹേമന്ത്കുമാര്‍ ഷാ

അന്‍സാരിയുടെ നിര്‍ദേശം പരിഗണിക്കുമെന്നും കേന്ദ്ര സര്‍ക്കാറിനോട് ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ ടിക് ടോകുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ടിക് ടോകില്‍ നിന്നും ആളുകളുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് ആളകളെ ബ്ലാക്ക് മെയ്ല്‍ ചെയ്യുന്ന സംഘത്തെ സേലത്തു നിന്നും ചെന്നൈയിലുമായി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ശിവകാശിയില്‍ പൊലീസിനെ പരിഹസിച്ച് ടിക് ടോകില്‍ വിഡിയോ പ്രചരിപ്പിച്ച യുവാക്കള്‍ക്കെതിരെയും കേസെടുത്ത സംഭവമുണ്ടായിരുന്നു.