കായിക മത്സരങ്ങളെ വിദ്വേഷത്തിന് ഉപയോഗിക്കല്ലേ; ആതിഥ്യമര്യാദക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ: ഉദയനിധി സ്റ്റാലിന്‍
national news
കായിക മത്സരങ്ങളെ വിദ്വേഷത്തിന് ഉപയോഗിക്കല്ലേ; ആതിഥ്യമര്യാദക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ: ഉദയനിധി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2023, 12:00 pm

ചെന്നൈ: ലോകകപ്പ് വേദിയില്‍ പാക് താരങ്ങള്‍ക്കെതിരെ ജയ്ശ്രീറാം വിളിച്ചതില്‍ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. കായിക മത്സരങ്ങളെ വിദ്വേഷത്തിനുള്ള ഉപകരണമാക്കരുതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

സ്പോര്‍ട്സ് രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിനായാണ് ഉപയോഗിക്കേണ്ടതെന്നും യഥാര്‍ത്ഥ സാഹോദര്യം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ കായിക പാരമ്പര്യവും ആതിഥ്യമര്യാദയ്ക്കും പ്രശസ്തമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ കളിക്കാരോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും അംഗീകരിക്കാനാകാത്തതുമാണ്.

സ്പോര്‍ട്സ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണം ശക്തിപ്പെടുത്താനയിരിക്കണം.
അതുവഴി യഥാര്‍ത്ഥ സാഹോദര്യം വളര്‍ത്തിയെടുക്കണം. വിദ്വേഷം പടര്‍ത്താനുള്ള ഒരു ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നത് അപലപനീയമാണ്,’ ഉദയനിധി പറഞ്ഞു.

ഇന്ത്യാ- പാക് മത്സരത്തില്‍ ഔട്ടായ പാക് താരം റിസ്വാന്‍ തിരികെ ഡ്രസിങ് റൂമിലേക്ക് മടങ്ങവെ ഗുജറാത്ത് ക്രൗഡ് ജയ് ശ്രീറാം വിളിച്ച് ആക്രോശിച്ചതിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു ഉദയനിധിയുടെ പ്രതികരണം.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാല ഈ ഇന്നിങ്സ് ഗസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു എന്ന റിസ്വാന്റെ കമന്റിന് പിന്നാലെയാണ് ഗുജറാത്ത് ക്രൗഡിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. റിസ്വാന്റെ ഫലസ്തീന്‍ അനുകൂല നിലപാടുകളടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സംഘ്- ഹിന്ദുത്വ പ്രൊഫൈലുകള്‍ ഈ വീഡിയോ പങ്കുവെക്കുന്നത്.