മെഡിക്കല്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ചരകശപഥം ചൊല്ലിച്ചു; കോളേജ് ഡീനിനെ പുറത്താക്കി തമിഴ്‌നാട് സര്‍ക്കാര്‍
national news
മെഡിക്കല്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ചരകശപഥം ചൊല്ലിച്ചു; കോളേജ് ഡീനിനെ പുറത്താക്കി തമിഴ്‌നാട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd May 2022, 7:53 am

ചെന്നൈ: ഇംഗ്ലീഷിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് സംസ്‌കൃതത്തില്‍ ‘മഹര്‍ഷി ചരക് ശപഥം’ ചൊല്ലിച്ചതില്‍ മധുര മെഡിക്കല്‍ കോളേജ് ഡീനിനെ പുറത്താക്കി തമിഴ്‌നാട് സര്‍ക്കാര്‍.

മെഡിക്കല്‍ കോളേജ് ഡീന്‍ എ. രത്‌നവേലിനെയാണ് സര്‍ക്കാര്‍ പുറത്താക്കിയത്. ഭാവിയിലെ നിയമനങ്ങള്‍ക്ക് എ. രത്‌നവേലിനെ വെയിറ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സഭവം. ഒന്നാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളെക്കൊണ്ട് ‘ചരകശപഥം’ ചൊല്ലിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും, കാലങ്ങളായുള്ള പോളിസികളും രീതികളും ലംഘിച്ചതില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിച്ചു.

പരമ്പരാഗത രീതിയിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞ തന്നെ തുടരണമെന്ന് എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിസഭയില്‍ നിന്നുള്ള രണ്ട് പേരടക്കം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥികളെക്കൊണ്ട് ചരകശപഥം ചൊല്ലിച്ചത്. ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജനും കൊമേഴ്‌സ്യല്‍ നികുതി വിഭാഗം മന്ത്രി പി മൂര്‍ത്തിയുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

മെഡിക്കല്‍ കോളേജുകളില്‍ ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം ഇനിമുതല്‍ ‘ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും’ അനുസൃതമായി ‘മഹര്‍ഷി ചരക് ശപഥ്’ ചൊല്ലണമെന്ന് നേരത്തെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത് വലിയ വിവാദമായിരുന്നു.

തുടര്‍ന്ന് ഈ നിര്‍ദേശത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Tamil Nadu Madurai Medical college dean removed after MBBS students were made to take ‘Charak Shapath’