| Wednesday, 31st January 2024, 10:49 am

വിരമിക്കാന്‍ രണ്ട് ദിവസം; നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് രാഷ്ട്രപതിക്ക് കത്തെഴുതിയ ജി.എസ്.ടി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ഇന്ത്യന്‍ റവന്യൂ സര്‍വീസസ് (ഐ.ആര്‍.എസ്) ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.

ചെന്നൈ ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണറായ ബി. ബാലമുരുകനെയാണ് ജനുവരി 29ന് സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ച വിരമിക്കാനിരിക്കെയാണ് നടപടി. ബാലമുരുകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹത്തിന് ലഭിച്ച നോട്ടീസില്‍ പറയുന്നുണ്ട്.

അതേസമയം ബാലമുരുകനെ സസ്പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങളൊന്നും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടില്ല.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച കത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് നിന്ന് അവരെ പുറത്താക്കണമെന്നും ബാലമുരുകന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഈ കത്ത് വിവാദമായിരുന്നു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് എഴുതിയ കത്തില്‍ നിര്‍മല സീതാരാമന്‍ ഇ.ഡിയെ ബി.ജെപിയുടെ കയ്യിലെ പാവയായി മാറിയെന്ന വിമര്‍ശനം ബാലമുരുകന്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ ധനമന്ത്രിയാകാന്‍ നിര്‍മല സീതാരാമന്‍ യോഗ്യയല്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.

ബി.ജെ.പി നേതാവുമായി ഭൂമി തര്‍ക്ക കേസ് നിലനില്‍ക്കുന്ന ദളിത് വിഭാഗക്കാരായ രണ്ട് കര്‍ഷകര്‍ക്ക് ജാതിപ്പേര് ചേര്‍ത്ത് ഇ.ഡി സമന്‍സ് അയച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലമുരുകന്‍ രാഷ്ട്രപതിക്ക് കത്തയച്ചത്.

2023 ജൂലൈയില്‍, സേലം ജില്ലയിലെ ആറ്റൂരില്‍ താമസിക്കുന്ന, 70 വയസ്സുള്ള കണ്ണയ്യന്‍, കൃഷ്ണന്‍ എന്നീ രണ്ട് ദളിത് കര്‍ഷകര്‍ക്കായിരുന്നു ഇ.ഡിയുടെ സമന്‍സ് ലഭിച്ചത്.

തങ്ങളുടെ ഗ്രാമത്തില്‍ 6.5 ഏക്കര്‍ കൃഷിഭൂമിയുള്ള ഇവരെ ഇ.ഡി വിളിച്ചുവരുത്തിയത് എന്തിനാണെന്ന് വ്യക്തമല്ലെങ്കിലും, അവരെ ‘ഹിന്ദു പല്ലര്‍’ എന്നായിരുന്നു സമന്‍സില്‍ പരാമര്‍ശിച്ചിരുന്നത്.

1000 രൂപ പ്രതിമാസ പെന്‍ഷനില്‍ ഉപജീവനം നടത്തുന്ന കര്‍ഷകരെയാണ് ഇ.ഡി ലക്ഷ്യമിടുന്നതെന്നും ബി.ജെ.പിയുടെ സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖറും കര്‍ഷകരുമായി ഭൂമി തര്‍ക്ക കേസ് നിലനില്‍ക്കുന്നുണ്ടെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തങ്ങളുടെ ഭൂമി ബി.ജെ.പി നേതാവ് അനധികൃതമായി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. കേസില്‍ ബാലമുരുകന്റെ ഭാര്യ പ്രവീണയായിരുന്നു കര്‍ഷകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ എങ്ങനെയാണ് ബി.ജെ.പി ഉപയോഗിക്കുന്നതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാണെന്നും രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ബാലമുരുകന്‍ പറഞ്ഞിരുന്നു.

Content Highlight: Tamil Nadu IRS Officer Who Complained to President Against Nirmala Sitharaman Transferred

We use cookies to give you the best possible experience. Learn more