സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത കല്‍ക്കരി ഇറക്കുമതി ചെയ്തതില്‍ അദാനിക്കെതിരെ അന്വേഷണമാരംഭിച്ച് തമിഴ്‌നാട്
national news
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത കല്‍ക്കരി ഇറക്കുമതി ചെയ്തതില്‍ അദാനിക്കെതിരെ അന്വേഷണമാരംഭിച്ച് തമിഴ്‌നാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2024, 1:47 pm

ചെന്നൈ: ഗുണനിലവാരമില്ലാത്ത കല്‍ക്കരി സംസ്ഥാനത്ത് ഇറക്കുമതി ചെയ്ത സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിച്ച് തമിഴ്‌നാട്. അദാനി ഗ്രൂപ്പ് ഇറക്കുമതി ചെയ്ത കല്‍ക്കരി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ കമ്പനിയായ തമിഴ്നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ (TANGEDCO) ഉയര്‍ന്ന വിലക്ക് വിറ്റുവെന്ന ആരോപണത്തിലും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

ആരോപണങ്ങളെ സംബന്ധിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന് (ഡി.വി.എസി) നിര്‍ദേശം നല്‍കി. മെയില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്.

അഴിമതി ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ സംസ്ഥാന ഡി.വി.എസിക്ക് അനുമതി ലഭിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. കല്‍ക്കരി ഉയര്‍ന്ന വിലക്ക് വിറ്റുവെന്ന ആരോപണത്തിലും അന്വേഷണം നടത്താന്‍ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

2018ല്‍ എ.ഐ.എ.ഡി.എം.കെയുടെ ഭരണകാലത്ത് സ്ഥാപനത്തിനെതിരെ അഴിമതി വിരുദ്ധ എന്‍.ജി.ഒ അരപ്പോര്‍ ഇയക്കം പരാതി നല്‍കിയിരുന്നു. 2012-2016 കാലയളവില്‍ എല്ലാ ഇടനിലക്കര്‍ക്കും TANGEDCO 6000 കോടി അധിക വിലയ്ക്ക് കല്‍ക്കരി വിറ്റു. ഇതിന്റെ ഒരു വിഹിതം അദാനി ഗ്രൂപ്പിന് കൈമാറിയെന്നുമായിരുന്നു എന്‍.ജി.ഒ പരാതി. തെളിവുകളുടെ അഭാവം മൂലമാണ് ഈ പരാതിയെ തുടര്‍ന്നുണ്ടായ അന്വേഷണം അവസാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ അദാനി വില്‍ക്കുന്ന കല്‍ക്കരി നിലവാരം കുറഞ്ഞതാണെന്നും ഇത് മൂന്നിരട്ടി വിലയ്ക്കാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദാനിയുടെ കല്‍ക്കരി അഴിമതിയെ സാധൂകരിക്കുന്ന തെളിവുകള്‍ സമാഹരിച്ചത് ഇന്ത്യന്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് ആണ്. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഫിനാന്‍ഷ്യല്‍ ടൈംസിന് കൈമാറുകയായിരുന്നു.

വൈദ്യുതി ഉത്പാദിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രം ദോഷകരമായ വാതകങ്ങള്‍ പുറത്തുവിടുന്ന ശുദ്ധീകരിച്ച കല്‍ക്കരിയാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്ന് അദാനി നേരത്തെ വാദമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ 2022ല്‍ ദി ലാന്‍സെറ്റ് നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും രണ്ട് മില്യണിലധികം ആളുകള്‍ വായുമലിനീകരണം മൂലം മരിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Content Highlight: Tamil Nadu initiates inquiry against Adani for importing substandard coal in the state